‘സിപിഐയുടെ വിമർശനങ്ങളെ കാര്യമായി കാണുന്നില്ല, സിപിഐഎം വിമുക്ത കേരളം കോൺഗ്രസ് ആഗ്രഹിക്കുന്നില്ല’; കെ.സി വേണുഗോപാൽ
1 min readവയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ഉന്നയിച്ച വിമർശനങ്ങളെ കാര്യമായി കാണുന്നില്ലെന്ന് കെസി വേണുഗോപാൽ. ഇന്ത്യ മുന്നണിയുടെ മര്യാദ പാലിക്കേണ്ടത് കോൺഗ്രസിന്റെ മാത്രം ഉത്തരവാദിത്വമല്ല. മൂന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് ജയിക്കുമ്പോൾ അവിടെ മത്സരിക്കാൻ
കോൺഗ്രസിന് അല്ലാതെ മറ്റാർക്കാണ് അർഹതയെന്ന് അദ്ദേഹം ചോദിച്ചു. ബിനോയ് വിശ്വം ആദ്യം സിപിഐയെ നന്നാക്കട്ടെ. സിപിഐഎം എന്ന പാർട്ടി ഇല്ലാതാകണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് വിമുക്ത ഭാരതം പോലെ സിപിഐഎം വിമുക്ത കേരളം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിപിഐഎമ്മിനെ ബാധിച്ച പ്രശ്നം ഒരാൾക്കു പോലും പാർട്ടിയിൽ തുറന്നു പറയാൻ പറ്റാത്ത സാഹചര്യം എന്നതാണ്. അതുകൊണ്ടാണ് പാർട്ടി അണികൾ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.