July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

സ്വകാര്യ കെയര്‍ ഹോമിലെ കോളറ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

1 min read
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ നടത്തി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്പിളുകള്‍ എത്രയും വേഗം പരിശോധനയ്ക്കയയ്ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. അവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. കോളറ പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.