13,013 കോടി, 1,070 പദ്ധതികൾ, 2,59,384 തൊഴിലവസരങ്ങള്‍,നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി

1 min read
SHARE

തിരുവനന്തപുരം:.ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങൾക്ക് ഇത് ഊർജ്ജം പകരും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തിയാണ് കർമ്മ പരിപാടി തയ്യാറാക്കിയിട്ടുള്ളത്.ക്ടോബർ 22 വരെ സർക്കാരിൻ്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന ഈ നൂറു ദിന കർമ്മ പരിപാടിയിൽ 100 ദിവസംകൊണ്ട് 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുവാനാണു ഉദ്ദേശിക്കുന്നത്.  ആകെ 1,070 പദ്ധതികൾ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13,013.40 കോടി രൂപ അടങ്കലും 2,59,384 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. 706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുവാനും 364 പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം/ പ്രഖ്യാപനം 100 ദിന കാലയളവിൽ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉപജീവനത്തിനായുള്ള പദ്ധതികളും പശ്ചാത്തല വികസന പദ്ധതികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

761.93 കോടി ചെലവിൽ നിർമ്മിച്ച 63 റോഡുകൾ,  28.28 കോടിയുടെ 11കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച 9 പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവ് വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും ഈ നൂറു ദിവസങ്ങൾക്കുള്ളിൽ  നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30000 പട്ടയങ്ങൾ കൂടി 100 ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. പുതുതായി 456 റേഷൻ കടകൾ കൂടി കെ-സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്തു 1000 കെ – സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍, അവയവം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകള്‍ മുതലായ വിലകൂടിയ മരുന്നുകള്‍ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി വഴി രോഗികള്‍ക്ക് നല്‍കുന്ന പദ്ധതി ആരംഭിക്കും.

 

ലൈഫ് മിഷനിലൂടെ പുതിയ 10000 വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ട്യൂറിസം  ഹബ്ബായിമാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളേജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് – ധർമ്മടം ബീച്ചിൻ്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിൻ്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 250 എം.പി.ഐ ഫ്രാഞ്ചൈസി ഔട്ലെറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. പ്രവർത്തനങ്ങളുടെ  വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിൽ (https://100days.kerala.gov.in) തത്സമയം അറിയിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.