ദുരന്ത ഭൂമിയിലെ ആ കാഴ്ച ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു, ഉടന്‍ തീരുമാനമെടുത്തു’

1 min read
SHARE

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖലകളില്‍ 3 കോടിയുടെ പദ്ധതികള്‍ തന്‍റെ ഫൗണ്ടേഷന്‍ വഴി നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍.  ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈന്യം അടക്കം എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈ പുഞ്ചിരിമറ്റം പ്രദേശങ്ങളില്‍ എത്തിയത്. തുടര്‍ന്നാണ് സൈന്യം നിര്‍മ്മിച്ച ബെയിലി പാലത്തിന് അടുത്ത് വച്ച് മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. 

 

തനിക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലമാണ് ഇതെന്നും. മുന്‍പ് ഇവിടെ സ്ഥലം ഉണ്ടായിരുന്നെന്നും പറഞ്ഞ മോഹന്‍ലാല്‍ ഇന്ത്യകണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇവിടെ കണ്ടത്. അതിനാല്‍ തന്നെ ഇവിടുത്തെ പുനരധിവാസത്തിനായി തന്‍റെ ഫൗണ്ടേഷനായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പേരില്‍ 3 കോടി പ്രഖ്യാപിക്കുന്നതായും മോഹന്‍ലാല്‍ അറിയിച്ചു. ഒപ്പം പൂര്‍ണ്ണമായും തകര്‍ന്ന വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടറും മോഹന്‍ലാലിനെ അനുഗമിക്കുകയും ചെയ്ത മേജര്‍ രവിയും വ്യക്തമാക്കി. തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് മേജര്‍ രവി പറ‌ഞ്ഞു.

താന്‍ അംഗമായ ടെറിറ്റോറിയല്‍ ആര്‍മിയാണ് ഇവിടെ ആദ്യം രക്ഷ പ്രവര്‍ത്തനത്തിന് എത്തിയ വിഭാഗം അതിനാല്‍കൂടിയാണ് ഒന്നരപതിറ്റാണ്ടോളമായി അതിന്‍റെ ഭാഗമായ താനും ഇവിടെ എത്തിയത് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സൈന്യം നിര്‍മ്മിച്ച് ബെയ്ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വളണ്ടിയര്‍മാരുമായി സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ കാണുന്നത്. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ട്. 11 മണിയോടെ മാധ്യമ പ്രവര്‍ത്തകരെയും മോഹന്‍ലാല്‍ കാണും.