‘ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു, എൻ്റെ സെറ്റുകളിൽ ഇങ്ങനെ ഉണ്ടാകാറില്ല’: നാനി
1 min read

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ കേരളത്തിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. സിനിമാ മേഖലയിലെ നിരവധി പേരാണ് റിപ്പോർട്ടിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചെന്നും തങ്ങളുടെ സെറ്റുകളിൽ ഇത്തരം കാര്യങ്ങൾ നടക്കാറില്ലെന്നും പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ നടൻ നാനി. ‘എൻ്റെ സെറ്റുകളിലോ എൻ്റെ ചുറ്റുപാടുകളിലോ ഇത് സംഭവിക്കുന്നതായി ഞാൻ കാണുന്നില്ല. തെന്നിന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ കാര്യത്തിലും ഇത് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങളിൽ അല്പം കൂടി ശ്രദ്ധ സെറ്റുകളിൽ ചെലുത്താറുണ്ടെന്നും ഇതുവരെ ഇത്തരം സംഭവങ്ങൾക്കൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും’ നടൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ തന്റെ ഹൃദയം തകർക്കുന്നുവെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കുമ്പോൾ ഇതെല്ലം എവിടെയാണ് നടക്കുന്നത് എന്ന് ആശ്ചര്യപ്പെടുത്തി. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിനിമാ വ്യവസായത്തിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും നാനി പറഞ്ഞു. യുവതലമുറയിലെ അഭിനേതാക്കളിൽ കൂടുതൽ പക്വതയും പ്രൊഫഷണലിസവും കാണുന്നതായും ഇനിയും സിനിമാ മേഖല മെച്ചപ്പെടുമെന്നും നടൻ കൂട്ടിച്ചേർത്തു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 295 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
