എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ; സംസ്ഥാന സമിതിയിൽ പങ്കെടുക്കില്ല.
1 min read

തിരുവനന്തപുരം∙ ഇടതുമുന്നണി കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി.ജയരാജൻ . രാജി സന്നദ്ധത പാർട്ടിയെ അറിയിച്ചു. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് സൂചന. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി.ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്.
കണ്ണൂരിൽ നേരത്തേ പ്രഖ്യാപിച്ച പാർട്ടി പരിപാടികളോ പൊതുപരിപാടികളോ ഇ.പി.ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിർദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്റെ സാന്നിധ്യത്തിൽ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന.”
