കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം, തെർമൽ ഡ്രോൺ ഉപയോഗിച്ച് രാത്രിയിൽ തിരച്ചിൽ വ്യാപിപ്പിക്കും
1 min read

വയനാട് പുൽപ്പള്ളിയിൽ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. മാനന്തവാടി ബത്തേരി റേഞ്ചുകളിലെ 130 RRT അംഗങ്ങളും വനപാലകരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. തെർമൽ ഡ്രോൺ അടക്കം ഉപയോഗിച്ച് കടുവയെ ലൊക്കേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കടുവയുടെ ആക്രമണ ഭീതി നിലനിൽക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ 8,9 ,13 വാർഡുകളിൽ കർഫ്യൂ തുടരുകയാണ്. ആടി കൊല്ലി, ആശ്രമ കൊല്ലി, അച്ചന ഹള്ളിവാർഡുകളിലാണ് കർഫ്യൂ തുടരുന്നത്.
കഴിഞ്ഞ ഏഴാം തീയതി അമരക്കുനി നാരകത്തിൽ ജോസിൻ്റെ ആടിനെ കടുവ പിടിച്ചത് മുതൽ പുൽപ്പള്ളി പഞ്ചായത്തിൽ കടുവ ഭീതി നിലനിൽക്കുകയാണ്. 5 ആടുകളെയാണ് ഇതിനകം കടുവ കൊന്നിട്ടുള്ളത്. കൂടുകൾ, ക്യാമറ എന്നിവ സ്ഥാപിച്ച് കടുവയെ കുരുക്കാനുള്ള ശ്രമത്തിലാണ് വനപാലകർ. ‘ബത്തേരി, മാനന്തവാടി റേഞ്ചിലെ ആർആർ ടീമും വനപാലകരും ആണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കെ. രാമൻ ഉൾപ്പെടെ ഉന്നത വനപാലകർ നേതൃത്വത്തിൽ ഉണ്ട്. ഇന്നും ദൗത്യം തുടരുകയാണ്. പകൽ കടുവയെ കണ്ടെത്തുക എന്നുള്ളത് ഏറെ പ്രയാസകരമാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തെർമ്മൽ ഡ്രോണിൻ്റെ പ്രവർത്തനം പകൽ നേരങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. രാത്രികാലങ്ങളിൽ കടുവയുടെ സഞ്ചാരം കൂടുതലായതിനാൽ രാത്രിയിലായിരിക്കും മയക്കു വെടി വെക്കുക.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കടുവ വിഹരിക്കുന്നത്. തോട്ടങ്ങളിലും കുറ്റിക്കാടുകളിലും ആണ് കടുവ ഇപ്പോൾ തമ്പടിക്കുന്നത് എന്നാണ് വന പാലകർപറയുന്നത്. കടുവാ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നും ആളുകൾ കൂടുന്നതും അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്.
