ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ
1 min read

ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അദ്ദേഹം പദവിക്കനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധത്തിനോട് പ്രോട്ടോകോൾ ലംഖിച്ച് പ്രതികരിക്കുകയായിരുന്നു ഗവർണർ എന്നും അദ്ദേഹം വിമർശിച്ചു.ബഹുമാനപ്പെട്ട ഒരു പദവി വഹിക്കുന്നയാളാണ് ഗവർണർ. എന്നാൽ പദവിക്ക് നിരക്കാത്ത പ്രവർത്തികളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേരളത്തിന്റെ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ സാധിച്ചുകൊടുത്തും അവരെ പിന്തുണച്ചും നിലകൊള്ളുന്നയാളാണ് ഗവർണർ. വിദ്യാർത്ഥികളുമായി ഒരു ചർച്ചയ്ക്ക് ഇന്നുവരെ ഗവർണർ തയാറായിട്ടില്ല. ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് അദ്ദേഹം കുറച്ചു നാളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അത് കേരളത്തിൽ നടക്കുമെന്ന ചിന്ത വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പദവിയുടെ മാന്യത കളയുകയാണ്. ഷൂ ഏറ് പോലെയുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത് തീർത്തും അപഹാസ്യമാണ്. ഇവർ രണ്ടുപേരും സ്വന്തം പദവിയുടെ അന്തസ് കെടുത്തുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി രൂക്ഷമായി വിമർശിച്ചു.
