20 ദിവസത്തിന് ശേഷം മകൻ്റെ ആരോഗ്യ നിലയിൽ പുരോഗതി, അല്ലു ചികിത്സയ്ക്ക് പിന്തുണ നൽകുന്നുണ്ട്; കുട്ടിയുടെ പിതാവ്
1 min read

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. സംഭവ നടന്ന് 20 ദിവസത്തിന് ശേഷമാണ് കുട്ടി പ്രതികരിച്ചത്. നിലവിൽ മകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. കണ്ണുകൾ തുറന്നു. തെലങ്കാന സർക്കാരും അല്ലു അർജുനും ചികിത്സയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നും ശ്രീതേഷിന്റെ പിതാവ് പ്രതികരിച്ചു.
കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.
തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. അതേ സമയം, സംഭവത്തിൽ അല്ലു അർജുന്റെ ബൗൺസറായ ആന്റണി ഇന്ന് അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂർണമായും ബൗൺസർമാർ ഏറ്റെടുത്തിരുന്നു.
സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അർജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകൾ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അർജുന്റെ ബൗൺസർമാർ ആളുകളെ മർദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പൊലീസിന് മുന്നിൽ ഹാജരായ അല്ലു അർജുന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അല്ലു അർജുനെ സന്ധ്യ തിയേറ്ററിൽ എത്തിച്ച് പൊലീസ് തെളിവെടുത്തേക്കും. സംഭവം പൊലീസ് പുനരാവിഷ്കരിക്കാനും സാധ്യതയുണ്ട്.
