August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 5, 2025

കേരളാ തീരത്ത് കടൽമണലിന് പിന്നാലെ ആണവധാതുഖനനവും, ഉയർത്തുന്നത് വൻ ഭീഷണി; പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

1 min read
SHARE

സംസ്ഥാനത്തിന്‍റെ തീരങ്ങളില്‍ കടൽമണലിന് പിന്നാലെ ആണവധാതുഖനന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതുമാണ് കേന്ദ്രത്തിന്‍റെ പുതിയ ചട്ടങ്ങള്‍. കേരളത്തിൻ്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ രൂപീകരിച്ച ചട്ടങ്ങൾ പൂര്‍ണമായും പിൻവലിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം.

രാജ്യത്തിൻ്റെ സമുദ്രമേഖലയിൽ നിന്ന് ആണവധാതുക്കളുടെ ഖനനവും പര്യവേക്ഷണവും നടത്തുന്നതിന് സ്വകാര്യ മേഖലയ്ക്കും അനുമതി നൽകുന്നതാണ് 2025 ലെ ഓഫ്‌ഷോർ ഏരിയാസ് ആറ്റമിക് മിനറൽസ് ചട്ടങ്ങൾ. ഇതോടെ സമുദ്രമേഖലയിൽ നിന്ന് യുറേനിയം, തോറിയം പോലുള്ള ആണവ ധാതുക്കളുടെ ഖനനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾക്കും അനുമതി ലഭിക്കും. സമുദ്ര ആവാസ വ്യവസ്ഥ തകർക്കുന്നതും മത്സ്യസമ്പത്തിനേയും ദേശീയ സുരക്ഷയേയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി കേരളം രംഗത്തെത്തിയിരിക്കുന്നത്. ആഴക്കടൽ ധാതുഖനന നീക്കം ഉപേക്ഷിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. ആണവ ധാതുക്കൾ അടങ്ങിയ മണ്ണ് സംസ്ഥാനത്തിൻ്റെ തീര സമുദ്രമേഖലയിൽ ഉൾപ്പെടുന്നതായിട്ടും കേരളത്തിൻ്റെ അഭിപ്രായമോ നിർദ്ദേശമോ തേടാതെ ഏകപക്ഷീയമായി ചട്ടങ്ങൾ രൂപീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കേരളം, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശം ബീച്ച് സാൻഡ് ധാതുക്കളാൽ സമ്പന്നമാണ്. അണുശക്തി ഉൽപാദനത്തിനുള്ള തോറിയം മുതലായ ധാതുക്കളുടെ സാന്നിധ്യം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചട്ടങ്ങൾ കേരളത്തെ സാരമായി ബാധിക്കുമെന്നതാണ് ആശങ്ക. വിദേശ ഏജൻസികൾക്കോ കരാറുകാർക്കോ ആഴക്കടൽ ധാതു ഖനനത്തിൽ ഏർപ്പെടാം എന്നത് രാജ്യ സുരക്ഷയെ പ്രത്യക്ഷത്തിൽ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങൾ പ്രകാരം ഖനനാനുമതി നൽകുന്നതിനുള്ള അധികാരം കേന്ദ്രസർക്കാരിനും അതിൻ്റെ ഏജൻസികൾക്കുമാണ്. സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടാനാകില്ല. ഇത് സംസ്ഥാനത്തിൻ്റെ ഭരണഘടനാദത്തമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നീക്കം മത്സ്യസമ്പത്തിനെ മാത്രമല്ല മത്സ്യങ്ങളുടെ ആഹാര ശൃംഖലയേയും ഇല്ലാതാക്കും. ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ഉപജീവന മാർഗവും പ്രതിസന്ധിയിലാകും. ധാതു മണലിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചട്ടങ്ങൾ ഭീഷണിയാകും. കേന്ദ്ര ചട്ടങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം.