July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

അഞ്ചോ, ആറോ..? കുട്ടികളെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കുന്നതിന്റെ പ്രായം സംബന്ധിച്ച്‌ ആശയക്കുഴപ്പത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും

1 min read
SHARE

ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ആറു വയസ് പൂർത്തിയായിരിക്കണം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട് . എന്നാല്‍ കേരളം അടക്കം ചുരുക്കും ചില സംസ്ഥാനങ്ങള്‍ ഈ നിർദേശം ഇപ്പോള്‍ നടപ്പാക്കുന്നില്ല എന്ന നിലപാടിലാണ്. കേരളത്തില്‍ അഞ്ചു വയസ് പൂർത്തിയായവരെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തേതന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതാണ് രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.ഈ സാഹചര്യത്തില്‍ സിബിഎസ്‌ഇ സ്‌കൂളുകളിലേക്ക് പ്രവേശനം എങ്ങനെ നടത്തണമെന്നതിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകള്‍ കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം അനുസരിച്ചു കാര്യങ്ങള്‍ നടത്തണമെന്നാണ് നിയമം. എന്നാല്‍, ഇപ്പോള്‍ സംസ്ഥാന സർക്കാർ പറയുന്ന പ്രകാരം അഞ്ചു വയസില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കിയാല്‍ ഭാവിയില്‍ അതു കുരുക്കായി മാറുമോ എന്ന ആശങ്കയാണ് മാതാപിതാക്കളെ അലട്ടുന്നത്.

ഭാവിയില്‍ ബോർഡ് എക്‌സാമിനും മറ്റും രജിസ്റ്റർ ചെയ്യുമ്ബോള്‍ കേന്ദ്ര മാനദണ്ഡപ്രകാരം പ്രായം പൂർത്തീകരിക്കണമെന്ന നിർബന്ധം വന്നാല്‍ ആ വിദ്യാർഥികള്‍ അതേ ക്ലാസില്‍ വീണ്ടും തുടരേണ്ടിവരും. ഉയർന്ന ക്ലാസുകളിലെത്തിയ ശേഷം അതേ ക്ലാസില്‍ വീണ്ടും പഠിക്കേണ്ടിവന്നാല്‍ അതു വിദ്യാർഥികളില്‍ മാനസിക സമ്മർദമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ യുകെജി പിന്നിടുന്ന ആറു വയസ് പൂർത്തിയാകാത്ത കുട്ടികള്‍ക്ക് ഒന്നാം ക്ലാസ് പ്രവേശനം നല്‍കണോയെന്നതിലും പല സ്കൂ‌ളുകള്‍ക്കും വ്യക്തതയില്ല.

അതേസമയം ആറു വയസ് പൂർത്തിയായ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേർക്കുന്നതാണ് കേരളത്തിലെ സിബിഎസ്‌ഇ സ്‌കൂളുകള്‍ക്കും മാതാപിതാക്കള്‍ക്കും ഉചിതമെന്ന് സിബിഎസ്‌ഇ കേരള കോണ്‍ഫെഡറേഷൻ പ്രസിഡൻ്റ് ഫാ. സിജൻ പോള്‍ ഊന്നുകല്ലേല്‍ സിഎംഐ വ്യക്തമാക്കി. ഇപ്പോള്‍ യൂകെജിയില്‍ പഠിക്കുന്ന ആറു വയസ് പൂർത്തിയാകാത്ത കുട്ടികള്‍ ഒരു വർഷം കൂടി അവിടെ തുടർന്നതിനു ശേഷം ഒന്നാംക്ലാസില്‍ ചേരുന്നതാണു നല്ലത്. ഭാവിയില്‍ ബോർഡ് എക്‌സാം പോലെയുള്ള കാര്യങ്ങള്‍ക്കു പ്രായ നിബന്ധന കർശനമാക്കിയാല്‍ അപ്പോള്‍ മുതിർന്ന ക്ലാസില്‍ വീണ്ടും പഠിക്കേണ്ടി വരുന്നത് കുട്ടികള്‍ക്കു ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.