എയർബസ് 400 മടങ്ങി; ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്ത് തുടരും
1 min read

ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടീഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തിച്ച ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് മടങ്ങി. ബ്രിട്ടന്റെ വ്യോമസേന വിമാനം എയർ ബസ് A 400 M അറ്റ്ലസ് ഉച്ചയ്ക്ക് 12.45 ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. എഫ് 35 ബിയുടെ പരിശോധനയ്ക്ക് കൂടുതൽ സമയം എടുക്കുമെന്നതിനാലാണ് എയർബസ് 400 വൈകുന്നേരത്തോടെ മടങ്ങിയത്.ബ്രീട്ടീഷ് വ്യോമസേനയിലെ 24 പേരടങ്ങുന്ന സാങ്കേതിക വിദഗ്ധരും F35ന്റെ നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിനിലെ സാങ്കേതിക വിദഗ്ധരും സംഘത്തിൽ ഉണ്ടെന്നാണ് വിവരം. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണികൾക്കായി വിമാനം ഹാങ്ങറിലേക്ക് മാറ്റി. തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയതായിരുന്നു എഫ് 35 ബി.
പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കും ഇന്ത്യ വാഗ്ദാനം ചെയ്ത മെയിന്റനൻസ് സൗകര്യം ബ്രിട്ടൻ സ്വീകരിച്ചതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യയുടെ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തും. തകരാർ പരിഹരിച്ചില്ലെങ്കിൽ ചിറകുകൾ അഴിച്ചു മാറ്റി ബ്രിട്ടനിലേക്ക് കൊണ്ടുപോകും.
ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറങ്ങിയിട്ട് 20 ദിവസം കഴിഞ്ഞിരുന്നു.
