May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 22, 2025

ഐ സി ബാലകൃഷ്ണനെതിരായ ആരോപണം; വിഭാഗീയത മറന്ന് ഒറ്റക്കെട്ടായി പാർട്ടിയെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതാക്കൾ

1 min read
SHARE

വയനാട്: ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ പ്രതിരോധത്തിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കാൻ വിഭാഗീയതകൾ മറന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഒന്നിക്കുന്നു. തിങ്കളാഴ്ച ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ വസതിയിൽ മുതിർന്ന നേതാക്കളുടെ യോഗം നടന്നു. ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ യോഗത്തിൽ തീരുമാനമുണ്ടായി.

പാർട്ടിയിലെ അഴിമതിക്കാരായ നേതാക്കൾക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിരുന്നെങ്കിലും പുനഃസംഘടന മനസ്സിൽകണ്ട്‌ പിന്നോട്ടുപോകുകയായിരുന്നു. തുടർന്നാണ് ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം ഐസി ബാലകൃഷ്ണൻ എംഎൽഎയെയും പാർട്ടിയെയും പ്രതിരോധിച്ച് കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി പത്രസമ്മേളനവുമായി രംഗത്തുവന്നിരുന്നു.

2008 മുതൽ 2016 വരെയുള്ള കാലയളവിലാണ് സഹകരണസ്ഥാപനങ്ങളിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് കോടികൾ കൈമാറപ്പെട്ടത്. ഇതിന് പിന്നിൽ ഇപ്പോള്‍ പാർട്ടിയിൽ ഇല്ലാത്ത, സഹകാരിയായിരുന്ന ഒരു തലമുതിർന്ന കോൺഗ്രസ് നേതാവായിരുന്നു എന്നാണ് ആരോപണം. ബത്തേരി അർബൻ ബാങ്ക്, ബത്തേരി കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവ കേന്ദ്രീകരിച്ചായിരുന്നു കോഴനിയമങ്ങൾ നടന്നത്. ഇതിൽ ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരങ്ങൾ നടത്തിയിരുന്നെങ്കിലും, അവയൊന്നും ലക്‌ഷ്യം കണ്ടിരുന്നില്ല. ഉദ്യോഗാർത്ഥികളിൽ നിന്ന് താഴത്തട്ടിലുള്ള നേതാവ് പണം കൈപ്പറ്റി, മുതിർന്ന നേതാക്കളിലേക്ക് പോകുന്ന രീതിയായിരുന്നു ഇവിടം ഉണ്ടായിരുന്നത്.

വയനാട് ജില്ലയിലെ കോൺഗ്രസ് സഹകരണസ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതികൾ അന്വേഷിക്കാനായി കോൺഗ്രസ് തന്നെ കമ്മീഷനുകൾ നിയമിച്ചിരുന്നു. എന്നാൽ കമ്മീഷൻ റിപ്പോർട്ടുകളിൽ നടപടികൾ ഉണ്ടായിരുന്നില്ല. 2021ൽ ഡിസിസി നിയോഗിച്ച ഒരു കമ്മീഷന്റെ റിപ്പോർട്ടിൽ അർബൻ ബാങ്ക് പ്രസിഡന്റ് ഡോ സണ്ണി ജോർജ്, ഡിസിസി മുൻ ട്രഷറർ കെ കെ ഗോപിനാഥൻ എന്നിവരെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.