ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ല’: എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്.

മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ഗവർണർ CV ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് താൻ അവഗണന നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നായര്‍ സമുദായക്കാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും, ഒരാൾക്ക് മാത്രമാണോ കുത്തകാവകാശമെന്നും ആനന്ദബോസ് ചോദിച്ചു.
മന്നംജയന്തിയോട് അനുബന്ധിച്ച് എൻഎസ്എസ് ദില്ലി ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴായിരുന്നു അവഗണനയെന്ന് അദ്ദേഹം പറഞ്ഞു.ജനറൽ സെക്രട്ടറി നേരിട്ട് എത്തി തന്നെ സ്വീകരിച്ചുവെന്നും, എന്നാൽ ചായ കുടിച്ച ശേഷം തിരികെ അയക്കുകയാണ് ഉണ്ടായതെന്നും ആനന്ദബോസ് പറഞ്ഞു. താനൊരു കരയോഗം നായരെന്ന് പറഞ്ഞ സി വി അനന്ദബോസ്, സമുദായത്തിന്റെ പേരിലാണ് തനിക്ക് പദവി ലഭിച്ചതെന്നും പറയുന്നുണ്ട്. ഗേറ്റ്കീപ്പറെ കാണാനല്ല ആരും പെരുന്നയിൽ എത്തുന്നത്. ദില്ലിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമ്മിക്കണമെന്ന് സി വി ആനന്ദബോസ് ഡൽഹി ഘടകത്തോട് ആവശ്യപ്പെട്ടു. ദില്ലിയിൽ മന്നം സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ബംഗാൾ ഗവർണർ അറിയിച്ചു.

