പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു
1 min read

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേര ഇസ്മയിൽഖാനിലായിരുന്നു സ്ഫോടനം ഉണ്ടായത്. പോളിയോ വാക്സിൻ വിതരണക്കാരുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നത്. വാക്സിൻ പ്രവർത്തകർ കയറിയ സുരക്ഷാഭടന്മാരുടെ വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലുടനീളം, ഒരാഴ്ച നീളുന്ന തുള്ളിമരുന്നു വിതരണം ആരംഭിച്ചത്. അന്നുതന്നെ ഖൈബർ പക്തൂൺഖ്വായിൽ ഒരു വാക്സിൻ പ്രവർത്തകനും പൊലീസുകാരനും വെടിയേറ്റു മരിച്ചിരുന്നു. അഷ്ഫാഖ്, മുഖ്തിയാർ വാലി, മുഹമ്മദ് ആരിഫ് എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കാലാ ഖേൽ മസ്തി ഖാനിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് മരിച്ച പോളിയോ പ്രവർത്തകൻ ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
