എറണാകുളത്ത് ബസ് മറിഞ്ഞ് അപകടം; ബസിനടിയിൽ സ്കൂട്ടർ യാത്രികൻ കുടുങ്ങി
1 min read

എറണാകുളം പനങ്ങാട് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രികന്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സിഗ്നലിൽ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം. റോഡിന് കുറുകെ മറിഞ്ഞ ബസ് റോഡിൽ നിന്ന് മാറ്റാൻ ശ്രമം തുടങ്ങി. സ്വകാര്യബസ് ആണ് അപകടത്തിൽപെട്ടത്. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടുകയും ചെയ്തു. ബസിനുള്ളിലെ യാത്രക്കാരെയും ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികനെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
