ബ്രസീലില്‍ വ്യവസായി പറത്തിയ വിമാനം തകര്‍ന്നുവീണു; കുടുംബത്തിലെ പത്ത് പേര്‍ മരിച്ചു
1 min read

തെക്കന്‍ ബ്രസീലിലെ ഗ്രാമഡോ നഗരത്തില്‍ ചെറുവിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലൂയിസ് ക്ലോഡിയോ സാല്‍ഗ്യൂറോ ഗലേസി എന്ന വ്യവസായി പറത്തിയ പൈപർ ചെയിന്നി 400 ടർബോപ്രോപ് എന്ന ചെറുവിമാനമാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെല്ലാം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അടുത്തുള്ള നഗരമായ കനേലയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ ചിമ്മിനിയിലും തുടര്‍ന്ന് മേൽക്കൂരയിലും ഇടിച്ച് ഫര്‍ണിച്ചര്‍ കടയിലേക്ക് വീഴുകയായിരുന്നുവെന്ന് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സ്റ്റേറ്റ് സെക്യൂരിറ്റി സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഒരു ലോഡ്ജിനും കേടുപാടുകള്‍ സംഭവിച്ചു.
അപകടത്തിൽ വിമാനത്തിന് പുറത്തുള്ള 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ പുക ശ്വസിച്ച് ചികിത്സയിലാണ്. ക്രിസ്മസ് സീസണില്‍ സന്ദര്‍ശകരുടെ ഗണ്യമായ ഒഴുക്കുള്ള ബ്രസീലിലെ പ്രശസ്തമായ ടൂറിസ്റ്റ് നഗരമാണ് ഗ്രാമഡോ.
