”കേരളം ഇന്ത്യയില്‍ ഉള്‍പ്പെടുന്നു എന്നത് കേന്ദ്രം മനസ്സിലാക്കണം”: വി ശിവദാസന്‍ എംപി
1 min read

മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്
വയനാട്ടില്‍ എല്‍ ഡി എഫ് നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടന്ന സത്യഗ്രഹം വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പത് മണിമുതല്‍ ഒരു മണിവരെയാണ് സത്യഗ്രഹ സമരം നടന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. പാര്‍ലമെന്റിനകത്തും പുറത്തും വയനാടിന്റെ അവകാശത്തിനായി പ്രതിഷേധങ്ങള്‍ തുടരുമെന്ന് വി ശിവദാസന്‍ എം പി പറഞ്ഞു. കേരളം ഇന്ത്യയില്‍ ഉള്‍പ്പെടുന്നു എന്നത് കേന്ദ്രം മനസിലാക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തി അടിയന്തര സഹായമുണ്ടാവുമെന്ന് പ്രഖ്യാപിച്ചിട്ടും ജില്ലയോട് കടുത്ത അവഗണന പുലര്‍ത്തുന്നതിനെതിരെ തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ആഗസ്ത് 17ന് 1202 കോടിയുടെ പ്രാഥമിക സഹായത്തിനുള്ള നിവേദനം സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ജില്ലയിലുണ്ടായ ദുരന്തത്തിനുശേഷം പ്രളയം ബാധിച്ച മറ്റുസംസ്ഥാനങ്ങളില്‍ അടിയന്തര കേന്ദ്രസഹായം നല്‍കിയിട്ടും കേരളത്തോട് അവഗണന തുടരുകയാണ്. എല്‍ ഡി എഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്‍, സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാസെക്രട്ടറി ഇ ജെ ബാബു, കെ ജെ ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.
