July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

‘ലേലം വിളിയല്ല സ്ഥലം മാറ്റം, പച്ചക്കള്ളം പറയരുത്’; പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്‍റിനെതിരെ മന്ത്രി എംബി രാജേഷ്

1 min read
SHARE

പാലക്കാട്: പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ് എപിഎം സക്കറിയക്കെതിരെ മന്ത്രി എം.ബി രാജേഷ്. പരുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി പഞ്ചായത്ത് ഭരണസംവിധാന അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രമിക്കുന്നത്. നുണ പറച്ചിൽ അവസാനിപ്പിച്ച് ജനങ്ങളോട് സത്യം പറയാൻ പ്രസിഡന്റ്‌ തയ്യാറാവണമെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. പരുതൂർ പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റൻറ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി എന്ന പച്ചക്കള്ളമാണ് പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രചരിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി  ഹംസ. എസ് ന് അദ്ദേഹത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 22.12.24 ലെ ഉത്തരവിലൂടെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ കൊടുവായൂർ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലംമാറ്റം നൽകിയിട്ടുള്ളത്.  തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ പൂർണമായും ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയാണ് നടത്തപ്പെടുന്നത്. അതിലെ വിവരങ്ങൾ സുതാര്യമാണ്. അർഹതപ്പെട്ട സ്ഥലംമാറ്റം ലഭിക്കാത്ത പക്ഷം അതിനെതിരെ ജീവനക്കാർക്ക് അപ്പീൽ / പരാതി നൽകാനും കഴിയും. ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ജീവനക്കാരുടെ അപേക്ഷകളുടെ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ തന്നെ തയ്യാറാക്കുന്ന  ക്യൂ ലിസ്റ്റ് പ്രകാരമാണ് സ്ഥലം മാറ്റങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ  നടത്തുന്നത്. യുഡിഎഫ് കാലത്തുണ്ടായിരുന്നത് പോലെ സ്വജനപക്ഷപാതവും  സ്വാധീനവും ലേലം വിളിയുമല്ല സ്ഥലംമാറ്റത്തിനടിസ്ഥാനം. ജീവനക്കാരൻ്റെ ഓൺലൈൻ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ക്യൂ ലിസ്റ്റ് പ്രകാരം നടത്തിയ സ്ഥലംമാറ്റത്തെയാണ് സർക്കാരിന്റെ ദ്രോഹ നടപടിയായി പഞ്ചായത്ത് പ്രസിഡണ്ട് ചിത്രീകരിച്ചിരിക്കുന്നത്. അർഹതപ്പെട്ട സ്ഥലംമാറ്റം ജീവനക്കാർക്ക് നൽകുന്നതിനാണ് സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.  സ്ഥലംമാറ്റം നൽകുന്നതിനൊപ്പം തന്നെ ഗ്രാമ പഞ്ചായത്തിൽ പകരം ആളെ ലഭ്യമാക്കുന്നു എന്നും പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പു വരുത്തിയിട്ടുണ്ട്. 22.12.24 ലെ അതേ സ്ഥലം മാറ്റ ഉത്തരവിലെ ക്രമ നമ്പർ 44 പ്രകാരം ഹംസക്ക് പകരമായി പടന്ന ഗ്രാമ പഞ്ചായത്തിൽ നിന്നും   സാബുവിനെ സ്ഥലം മാറ്റി നിയമിച്ചിട്ടുമുണ്ട്. സെക്രട്ടറിയുടെ കാര്യത്തിൽ നിലവിലുള്ള ആൾക്ക് മുമ്പുണ്ടായിരുന്ന സെക്രട്ടറി റിട്ടയർ ചെയ്യുകയാണുണ്ടായത്. അതിനു ശേഷം നിയമിച്ച ആൾക്ക് തൊട്ടടുത്ത ഗ്രാമ പഞ്ചായത്തിലേക്ക് രണ്ടര മാസം മുമ്പ് സ്ഥലം മാറ്റി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ അന്ന് ആ സ്ഥലംമാറ്റം നടപ്പാക്കിയിരുന്നില്ല. ഇപ്പോൾ നടപ്പാക്കാനാവുമായിരുന്നിട്ടും പ്രസ്തുത സെക്രട്ടറി നിലവിലും അവിടെ തുടർന്നു വരുന്നുണ്ട്. പകരം ആളെ നൽകി കൊണ്ട് മാത്രമേ സ്ഥലംമാറ്റം പ്രാവർത്തികമാക്കുകയുള്ളു- മന്ത്രി വ്യക്തമാക്കി. അപേക്ഷ നൽകി സ്ഥലം മാറി പോയ അസി. സെക്രട്ടറിക്ക് പകരം ആളെ നൽകിയിട്ടും, ഇപ്പോഴും തുടരുന്ന സെക്രട്ടറി ഉണ്ടായിട്ടും, സസ് പെൻഷനിലായ ഒരാൾ ഒഴികെ മറ്റ് മുഴുവൻ ജീവനക്കാർ ഉണ്ടായിട്ടും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടി മാത്രം അസത്യങ്ങൾ വിളിച്ച് പറയേണ്ടുന്ന ദയനീയ അവസ്ഥയിലാണ് പരുതൂരിലെ യു ഡി എഫ് രാഷ്ട്രീയ നേതൃത്വം.  കള്ളങ്ങൾ തലയിൽ അലങ്കാരമായി കൊണ്ടുനടക്കുന്ന പ്രസിഡന്റേ, ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞ് എത്ര കാലം സ്വന്തം ദൗർബല്യവും യു ഡി എഫ് ഭരണ സമിതിയുടെ പരാജയവും മറച്ചുവക്കാനാവും. ഇനിയും പരുതൂരിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു താങ്കൾ കരുതരുതെന്ന് മന്ത്രി പറഞ്ഞു.