May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 12, 2025

ലോകത്തെ ഏറ്റവും വലിയ ഡാം സാങ്പോ നദിയിൽ നിർമിക്കാൻ ചൈന; ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ചങ്കിൽ തീ

1 min read
SHARE

ബീജിങ്: സാങ്പോ നദിയിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിർമിക്കാനൊരുങ്ങി ചൈന. ടിബറ്റൻ പീഠഭൂമിയുടെ കിഴക്കൻ അരികിലാണ് ചൈന പടുകൂറ്റൻ ഡാം നിർമിക്കുന്നത്. ജലവൈദ്യുത അണക്കെട്ടിൻ്റെ നിർമ്മാണത്തിന് ചൈന അംഗീകാരം നൽകി. പദ്ധതി ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2020-ൽ ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ കണക്കനുസരിച്ച് യാർലുങ് സാങ്‌ബോ (സാങ്പോ) നദിയിൽ നിർമിക്കുന്ന അണക്കെട്ടിന് പ്രതിവർഷം മണിക്കൂറിൽ 300 ബില്യൺ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ലോകത്തെ ഏറ്റവും വലിയ പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ടിൻ്റെ ശേഷിയുടെ മൂന്നിരട്ടിയിലധികം വരും.  ചൈനയുടെ കാർബൺ ബഹിർ​ഗമനം കുറയ്ക്കുന്നതിനും, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, എൻജിനീയറിങ് അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും, ടിബറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്‌ബോയുടെ ഒരു ഭാഗം 50 കിലോമീറ്റർ പരിധിയിൽ  2,000 മീറ്റർ (6,561 അടി) താഴേക്ക് പതിക്കുന്നു. ഇവിടെ ജലവൈദ്യുത പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, എഞ്ചിനീയറിംഗ് വെല്ലുവിളികൾ നിറഞ്ഞതായിരിക്കും നിർമാണം. ത്രീ ഗോർജസ് അണക്കെട്ടിൻ്റെ മൂന്നിരട്ടി ചെലവാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 254.2 ബില്യൺ യുവാൻ (34.83 ബില്യൺ ഡോളർ) ചെലവ് വരും. കുടിയൊഴിപ്പിക്കപ്പെട്ട 1.4 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതുൾപ്പെടെയുള്ള ചെലവാണ് കണക്കാക്കിയത്. നേരത്തെ 57 ബില്യൺ യുവാനായിരുന്നു കണക്കാക്കിയിരുന് ചെലവ്. പദ്ധതി എത്ര ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും പീഠഭൂമിയിലെ ഏറ്റവും സമ്പന്നവും വൈവിധ്യമാർന്നതുമായ പ്രാദേശിക ആവാസവ്യവസ്ഥയെ അത് എങ്ങനെ ബാധിക്കുമെന്നും അധികാരികൾ സൂചിപ്പിച്ചിട്ടില്ല. അതേസമയം, പദ്ധതി പരിസ്ഥിതികമായ പ്രശ്നങ്ങളോ താഴെയുള്ള പ്രദേശങ്ങളിലെ  ജലവിതരണത്തിലോ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നിരുന്നാലും, ഇന്ത്യയും ബംഗ്ലാദേശും അണക്കെട്ടിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. യർലുങ് സാങ്ബോ ടിബറ്റിൽ നിന്ന് തെക്കോട്ട് ഇന്ത്യയുടെ അരുണാചൽ പ്രദേശിലേക്കെത്തുമ്പോൾ സിയാങ് നദിയായും അസമിലെത്തുമ്പോൾ ബ്രഹ്മപുത്രയായും മാറുന്നു. ടിബറ്റിൻ്റെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒഴുകുന്ന യാർലുങ് സാങ്ബോയുടെ മുകൾ ഭാഗത്ത് ചൈന ജലവൈദ്യുത ഉത്പാദനം ആരംഭിച്ചിരുന്നു.