ഏറ്റുമാനൂരിലെ ട്രെയിൻ തട്ടിയുള്ള മരണം; കടുത്ത പ്രതിഷേധത്തിനിടെ ഷൈനിയുടെയും മക്കളുടെയും സംസ്കാരം നടന്നു
1 min read

ശക്തമായ പ്രതിഷേധത്തിനിടയിൽ കോട്ടയം ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ച ഷൈനി കുര്യാക്കോസിൻ്റെയും മക്കളായ അലീനയുടെയും ഇവാനയുടെയും സംസ്കാരം നടന്നു. ഭർത്താവിനും കുടുംബത്തിനും എതിരെ ഭാര്യവീട്ടിലും സംസ്കാരം നടന്ന തൊടുപുഴ ചുങ്കം പള്ളിയിലും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ആത്മഹത്യയിൽ വിശദമായ അന്വഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
അമ്മയെയും സഹോദരങ്ങളേയും തൻ്റെ ഇടവക പള്ളിയിൽ സംസ്കരിക്കണമെന്ന ഷൈനിയുടെ മൂത്ത മകൻ എഡ്വിൻ്റെ ആവശ്യപ്രകാരമാണ് കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിൻ തട്ടി മരിച്ച ഷൈനിയുടെയും 2 മക്കളുടെയും മൃതദേഹം തൊടുപുഴ ചുങ്കത്തേക്ക് കൊണ്ടുവന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുകളുമായി ഭാര്യ വീട്ടിൽ എത്തിയ ഭർത്താവ് ചുങ്കം ചേരിയിൽവലിയപറമ്പിൽ നോബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പോലീസ് സംരക്ഷണയിലാണ് 3 ആംബുലൻസുകളിലായി മൃതദേഹങ്ങൾ നോബിയുടെ വീട്ടിലെത്തിച്ചത്. എന്നാൽ ശക്തമായ പ്രതിഷേധമാണ് നോബിക്കും കുടുംബത്തിനുമെതിരെ സ്വന്തം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.സംസ്കാരത്തിൻ്റെ ഭാഗമായി ആരും നോബിയുടെ വീട്ടിലേക്ക് പോകണ്ട എന്നാണ് ചുങ്കം നിവാസികൾ തീരുമാനിച്ചത്. ആ തീരുമാനപ്രകാരം നാട്ടുകാർ ചുങ്കം പള്ളിയുടെ മുറ്റത്ത് കേന്ദ്രീകരിച്ചു. സംഘർഷ സാധ്യത മുന്നിൽക്കണ്ട് ഭർത്താവ് നോബി സംസ്കാരം നടന്ന പള്ളിയിലേക്ക് എത്തിയില്ല. ഭർത്താവിൻ്റെ വീട്ടിൽ അതിക്രൂരമർദ്ദനമാണ് ഷൈനി ഏറ്റുവാങ്ങി കൊണ്ടിരുന്നത് എന്ന് അയൽവാസിയും തൊടുപുഴ നഗരസഭ കൗൺസിലറുമായ മെർലി രാജു പറഞ്ഞു.
പോലീസിൽ കൊടുത്ത ഗാർഹിക പീഡന പരാതിയിൽ കോടതിയിൽ കേസ് നടക്കുന്നതിനിടയാണ് ഷൈനി യും 2 പെൺമക്കളും ആത്മഹത്യ ചെയ്തത്. മരണത്തിൽ സമഗ്രമായ അന്വഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഷൈനി വർഗീസിൻ്റെയും മക്കളായ അലീനയുടെയും ഇവാനയുടെയും സംസ്കാരം നടന്നത്.
