July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 6, 2025

മരണം ഹൃദയഭേദകം, സര്‍ക്കാര്‍ ഒപ്പമുണ്ടാകും’; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

1 min read
SHARE

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ 7.10 ഓടെയാണ് ബിന്ദുവിന്റെ വീട്ടിലേയ്ക്ക് മന്ത്രി എത്തിയത്. മന്ത്രിക്കൊപ്പം സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കളുണ്ടായിരുന്നു. മന്ത്രിയെത്തിയതിന് പിന്നാലെ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വീട് സാക്ഷ്യംവഹിച്ചത്. മന്ത്രിയെ കെട്ടിപ്പിടിച്ച് ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മി കരഞ്ഞു. ഇതോടെ മന്ത്രിയും വിതുമ്പി.ബിന്ദുവിന്റെ മാതാവാണ് മന്ത്രിയോട് ആദ്യം കാര്യങ്ങള്‍ സംസാരിച്ചത്. ബിന്ദുവിന്റെ അസാന്നിധ്യം കുടുംബത്തിനുണ്ടാക്കിയ ആഘാതം സംബന്ധിച്ച് അമ്മ പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് വിശ്രുതന്‍ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടപ്പെട്ടതെന്ന് വിശ്രുതന്‍ പറഞ്ഞു. മകന് അവന്‍ പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട് സ്ഥിരം ജോലി നല്‍കണമെന്ന് വിശ്രുതന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കണം. മുഖ്യമന്ത്രി തങ്ങളോട് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്നും വിശ്രുതന്‍ പറഞ്ഞു. ഇതിനിടെ വീട് നവീകരിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് കെ അനില്‍കുമാര്‍ അറിയിച്ചു.

ബിന്ദുവിന്റെ മരണം ഹൃദയഭേദകമാണെന്ന് കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖമാണ്. സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം പൂര്‍ണമായും ഉണ്ടാകും. മുഖ്യമന്ത്രി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഉചിതമായ തീരുമാനം ഉണ്ടാകും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി നേരത്തേ വരാത്തതില്‍ പരിഭവമില്ലെന്ന് വിശ്രുതനും മാധ്യമങ്ങളോട് പറഞ്ഞു. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് മന്ത്രി വരാന്‍ വൈകിയത്. ഇക്കാര്യം നേരത്തേ വിളിച്ചപ്പോഴും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി വന്നതില്‍ കുടുംബത്തിന് സന്തോഷമുണ്ട്. മകന്റെ ജോലിക്കാര്യം അടക്കം മന്ത്രിയോട് പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിശ്രുതന്‍ പറഞ്ഞു.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.