ദേവസ്ഥാനം ശതദിന നൃത്തോത്സവത്തിന് കൊടിയിറങ്ങി; ലോക റെക്കോർഡ് നേട്ടവും

1 min read
SHARE

തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ നടന്നുവന്ന ഭാരത നൃത്തോത്സവത്തിന് കൊടിയിറങ്ങി. ചടങ്ങിന് കേരള കലാമണ്ഡലം ചാൻസലറും നർത്തകിയുമായ ഡോ. മല്ലികാ സാരാഭായ് തിരിതെളിയിച്ചു. കഴിഞ്ഞ മാർച്ച് 9 ന് ആരംഭിച്ച നൃത്തോത്സവത്തിന് നൂറാം നാളാണ് കൊടിയിറങ്ങിയത്. ദേവസ്ഥാനാധിപതി ഡോ ഉണ്ണി സ്വാമികളും ട്രസ്റ്റിമാരായ വേണുഗോപാൽ, ദേവദാസ്, സ്വാമിനാഥൻ എന്നിവരും ചേർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ദേവസ്ഥാനാധിപതി ദാമോദര സ്വാമികളുടെ നൂറാമത് ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് നൃത്തോത്സവം സംഘടിപ്പിച്ചത്. നർത്തകി ഡോ. മേതിൽ ദേവിക സംവിധാനം ചെയ്ത ‘ക്രോസ് ഓവർ’ എന്ന ഭിന്നശേഷി കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള ഹൃസ്വചിത്ര പ്രദർശനത്തോടെയാണ് യോഗം ആരംഭിച്ചത്. ദേവസ്ഥാനം ഗരുഢ സന്നിധിയിൽ വച്ച് പദ്മശ്രീ ചിത്ര വിശ്വേശ്വരന് (ഭരതനാട്യം) ദേവസ്ഥാനം നാട്യമയൂരി പുരസ്കാരം സമ്മാനിച്ചു. വിഷ്ണുമായ പഞ്ചലോഹ വിഗ്രഹവും അൻപതിനായിരം രൂപ ദക്ഷിണയുമാണ് പുരസ്കാരമായി സമ്മാനിച്ചത്. ചിത്രാ വിശ്വേശ്വരനെ പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. ഭാരതീയ നാട്യ കലകളിൽ വിശ്വ പ്രസിദ്ധരായ നർത്തകർ പദ്മവിഭൂഷൺ ഡോ. പദ്മ സുബ്രഹ്മണ്യം (ഭരതനാട്യം), പദ്മഭൂഷൺ ഡോ. മല്ലിക സാരാഭായ് (ഭരതനാട്യം), പദ്മശ്രീ ദർശന ജാവേരി (മണിപ്പൂരി ), നാട്യമയൂരി മഞ്ജു ഭാർഗവി (കൂച്ചുപ്പുടി), കർണ്ണാടക കലാശ്രീ മൈസൂർ ബി.നാഗരാജ് (കഥക് ) എസ്എൻഎ അവാർഡ് ജേതാവ് നാട്യകലാ രത്നം കലാവിജയൻ (മോഹിനിയാട്ടം), എസ്എൻഎ അവാർഡ് ജേതാവ് ഗോബിന്ദ സൈക്കിയ (സത്രിയ), എസ്എൻഎ. അവാർഡ് ജേതാവ് വേണുജി (കൂടിയാട്ടം), കെഎസ്എൻഎ അവാർഡ് ജേതാവ് കലാമണ്ഡലം പ്രഭാകരൻ, കെഎസ്എൻഎ അവാർഡ് ജേതാവ് മേതിൽ ദേവിക (മോഹിനിയാട്ടം), കലൈമാമണി ദാസ്യം ഗോപിക വർമ്മ (മോഹിനിയാട്ടം), കെഎസ്എൻഎ പ്രൊഫ. ലേഖ തങ്കച്ചി (കേരളനടനം) എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡായി ശിൽപവും പതിനയ്യായിരം രൂപ ദക്ഷിണയും പൊന്നാടയും നൽകി ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദര സ്വാമികൾ ആദരിച്ചു.