August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 2, 2025

ധര്‍മസ്ഥല: പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സാക്ഷിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം

1 min read
SHARE

ബെംഗളൂരു: ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് പരാതി. വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിയെ പ്രത്യേക അന്വേഷണ സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ മഞ്ചുനാഥ ഗൗഡ ഭീഷണിപ്പെടുത്തി വീഡിയോ റെക്കോര്‍ഡ് ചെയ്‌തെന്നാണ് പരാതി. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറാണ് മഞ്ചുനാഥ ഗൗഡ. ഇയാള്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ബെല്‍ത്തങ്ങാടി ക്യാംപിലെ അടച്ചിട്ട മുറിയില്‍ കൊണ്ടുപോയി സമ്മര്‍ദം കാരണം നല്‍കിയ പരാതിയാണെന്ന് സാക്ഷിയെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് സാക്ഷിയുടെ അഭിഭാഷക ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ പ്രണബ് മൊഹന്തിക്കും ആഭ്യന്തര വകുപ്പിനും അവര്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ പലവിധ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം.അതേസമയം, വെളിപ്പെടുത്തലില്‍ തെളിവുകള്‍ തേടിയുളള അന്വേഷണ സംഘത്തിന്റെ പരിശോധന അഞ്ചാം ദിവസവും തുടരുകയാണ്. സംസ്ഥാന പാതയോട് ചേര്‍ന്ന ഒന്‍പതാം സ്‌പോട്ടില്‍ തിരച്ചില്‍ തുടങ്ങി. ഇതുവരെ ആറാം സ്‌പോട്ടില്‍ നിന്നും മാത്രമാണ് തെളിവുകള്‍ ലഭിച്ചത്. ഇന്നത്തെ തിരച്ചിലില്‍ കാര്യമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. 9,10,11,12 സ്‌പോട്ടുകളിലെ മണ്ണ് നീക്കിയുളള പരിശോധന നിര്‍ണായകമാണ്. ഈ സ്‌പോട്ടുകളില്‍ നിന്ന് കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് മുന്നോട്ടുപോകില്ല. മറിച്ചാണെങ്കില്‍ വെളിപ്പെടുത്തലിന് അത് സാധൂകരണം നല്‍കുകയും ചെയ്യും.ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ കർണാടകയെ ആകെ ഞെട്ടിച്ച ഒന്നാണ്. 1998-നും 2014- നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത്. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്. ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.