July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

വീണ്ടും നിരാശ; ഭൂമിയിലെത്താൻ സുനിത വില്ല്യംസ് ഇനിയും കാത്തിരിക്കണം

1 min read
SHARE

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരി സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്ക യാത്ര ഇനിയും വൈകുമെന്ന് നാസ. ഇലോൺ മസ്കിൻ്റെ സ്പേസ് എക്സിൻ്റെ ഡ്രാഗൺ സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വിൽമോറിനേയും അടുത്ത വർഷം തുടക്കത്തോടെ
തിരികെ എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്‌സ്യൂൾ തയ്യാറാക്കാൻ സ്‌പേസ് എക്‌സിന് കൂടുതൽ സമയം ആവശ്യമാണെന്നതിനെ തുടർന്നാണ് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിച്ചത്. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വേഗതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്ന് നാസ അറിയിച്ചു.”ഒരു പുതിയ ബഹിരാകാശ പേടകത്തിൻ്റെ നിർമ്മാണം, അസംബ്ലിങ്, ടെസ്റ്റിംഗ്, അന്തിമ സംയോജനം എന്നിവ വളരെ ശ്രമകരമായ ഒരു പ്രവർത്തനമാണ്, അത് വിശദമായി ശ്രദ്ധിക്കേണ്ടതുണ്ട്,” നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.സുനിതാ വില്യംസിനെയും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറിനെയും കൊണ്ട് ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂൺ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാൽ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂൺ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകൾ പഠിക്കാൻ നാസയ്ക്ക് കൂടുതൽ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാൻ കാരണം. ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്കിന്റെ സ്പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്പേസ് ക്രാഫ്റ്റിൽ സുനിതയേയും വില്മോറിനേയും തിരികെയെത്തിക്കാൻ തീരുമാനിച്ചത്.