സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

1 min read
SHARE

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളില്‍. കളമശ്ശേരിയില്‍ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള കൂടതല്‍ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങള്‍. നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള കൂടതല്‍ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.ഇവരില്‍ നാല് പേരുടെ സാമ്പിള്‍ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് പകര്‍ച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വര്‍ധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുന്‍സിപ്പാലിറ്റി പരിധിയില്‍ 113 ഡെങ്കി കേസുകള്‍ സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു.സ്‌കൂളുകളില്‍ നിന്ന് ഡെങ്കി കേസുകള്‍ ഉണ്ടായ വിവരം മറച്ചു വെച്ചതായും പരാതി ഉയര്‍ന്നു.35 കുട്ടികള്‍ക്ക് രോഗ വ്യാപനം ഉണ്ടായതോടെയാണ് വിവരം പുറത്തുവന്നത്. നഗരസഭ ആരോഗ്യവകുപ്പിന് കൃത്യമായി കണക്കുകള്‍ നല്‍കുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാല് മരണങ്ങള്‍ എലിപ്പനി ഡെങ്കിപ്പനി വെസ്റ്റ് നൈല്‍ മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.