ചോദ്യപേപ്പര്‍ ലഭിച്ചില്ല: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുടങ്ങി
1 min read

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങി. ഇന്ന് നടക്കേണ്ട രണ്ടാം സെമസ്റ്റര്‍ MDC പരീക്ഷകളാണ് മുടങ്ങിയത്. പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് കെഎസ്‌യുവും, എംഎസ്എഫും സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.
കണ്ണൂര്‍ സര്‍കലാശാലയില്‍ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ. അതില്‍ 54 വിഷയങ്ങളിലെ ചോദ്യ പേപ്പറുകള്‍ രാവിലെ 10 മണിക്ക് മുന്‍പായി കോളജുകളില്‍ എത്തി. എന്നാല്‍ MDCയില്‍ ഉള്‍പ്പെടുന്ന ഒമ്പത് വിഷയങ്ങളുടെ ചോദ്യ പേപ്പര്‍ തയ്യാറായില്ല. പരീക്ഷ കേന്ദ്രങ്ങളിലെത്തിയ വിദ്യാര്‍ത്ഥികള്‍ നിശ്ചയിച്ച സമയത്തിന് തൊട്ട് മുമ്പാണ് പരീക്ഷ മുടങ്ങിയെന്ന വിവരം അറിഞ്ഞത്.സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‌യുവും, എംഎസ്എഫും നടത്തിയ പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകര്‍ കവാടത്തില്‍ വാഴവെച്ചു.ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ചോദ്യങ്ങള്‍ പരീക്ഷയ്ക്കായി സോഫ്ട്‍വെയർ ക്രമീകരിച്ചപ്പോള്‍ ചില പേപ്പറുകളില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചെന്നാണ് സര്‍വകലാശാല വിശദീകരണം. അത് പരിഹരിക്കാന്‍ നിശ്ചിത സമയത്ത് സാധിക്കാതെ വന്നതോടെയാണ് പരീക്ഷകള്‍ മാറ്റിയതെന്നും സര്‍വകലാശാല അറിയിച്ചു.
