December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 7, 2025

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 7 ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

SHARE

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2023 മുതല്‍ 2 ഘട്ടങ്ങളിലായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുകയുണ്ടായി. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

 

ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.