ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; കോൺഗ്രസ് യൂണിയൻ നേതാവിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

1 min read
SHARE

ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് യൂണിയൻ നേതാവിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവ് കെകെ ശ്രീലാലിനെതിരെയാണ് നടപടി. തട്ടിപ്പിനിരയായി പണം നഷ്ടമായ 8 പേരാണ് കോൺഗ്രസ് സംഘടന നേതാവിനെതിരെ പരാതി നൽകിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും, അനധികൃതമായി പണം കൈപ്പറ്റിയതിനുമാണ് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവായ കെകെ ശ്രീലാലിലെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്. 2019 – 20 കാലത്ത് ഡെപ്യുട്ടേഷനിൽ ഇടുക്കി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോഴാണ് ശ്രീലാൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയത്. അറ്റണ്ടർ, ക്‌ളർക്ക് തസ്തികളിൽ ജോലി ലഭിക്കാൻ പണം നൽകിയ 8 പേരിൽ 3 പേരാണ് പരാതി നൽകിയത്. കഴിഞ്ഞ 4 വർഷമായി അന്വേഷണ വിധേയമായി സസ്പെൻഷനിൽ ആയിരുന്നു. ഗൂഗിൽ പേ വഴി പരാതിക്കാരിൽ നിന്ന് പണം വാങ്ങിയതിനും തെളിവ് ലഭിച്ചു. കുറ്റം ചെയ്തതായി പോലീസ് മേധാവി റിപ്പോർട്ട്‌ നൽകിയതിനെ തുടർന്നാണ് സർവീസിൽ നിന്നും ശ്രീലാലിനെ പിരിച്ചു വിട്ടത്. പൊതുഭരണ വകുപ്പാണ് ഇയാളെ പിരിച്ചു വിടാനുള്ള ഉത്തരവിറക്കിയത്.അഡീഷണൽ സെക്രട്ടറി തസ്തികയിലിരിക്കെയാണ് നടപടി. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ കെകെ ശ്രീലാൽ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ്.