ഒടുവിൽ സൂര്യനേയും കീഴടക്കിയോ? പാർക്കർ സൂര്യനു സമീപം; 2 ദിവസത്തിനുള്ളിൽ വിവരങ്ങളറിയാം
1 min read

ഭൂമിയിൽ നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ അന്തരീക്ഷത്തിന് സമീപത്ത് നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് എത്തിയതായി റിപ്പോർട്ട്. അതിതീവ്ര താപത്തെ അതിജീവിച്ച് പേടകം പുറത്തു വരുമോ എന്നറിയാൻ ശനിയാഴ്ച വരെ കാത്തിരിക്കണം. ഡിസംബർ 20നാണ് പേടകത്തിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. സൗരനിരീക്ഷണ പേടകമായ പാർക്കർ, ചൊവ്വ വൈകിട്ട് 5.30 നാണ് സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലേക്ക് യാത്ര തുടങ്ങിയത്. സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത പേടകം എന്ന റെക്കോർഡും ഇതോടെ പാർക്കർ സോളാർ പ്രോബിന് സ്വന്തമാകും. 2018 ആഗസ്തിലാണ് പേടകം വിക്ഷേപിച്ചത്. സൗരവാതത്തിൻ്റെ ഉത്ഭവം, കൊറോണയുടെ ചൂട്, കൊറോണൽ മാസ് എജക്ഷനുകളുടെ രൂപീകരണം എന്നിങ്ങനെ ശാസ്ത്രലോകത്തിന് സൂര്യന്റെ കൂടുതൽ രഹസ്യങ്ങളറിയാൻ പാർക്കർ നൽകുന്ന വിവരങ്ങൾ ശാസ്ത്രലോകത്തെ സഹായിക്കും. മണിക്കൂറിൽ 6,90,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകം. 1400 ഡിഗ്രി സെൽഷ്യസ് ചൂടുള്ള മേഖലയിലൂടെ കടന്ന് ശനിയാഴ്ചയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൂടിനെ അതീജിവിക്കാൻ 11.5 സെന്റീമീറ്റർ കട്ടിയിലും2.4 മീറ്റർ വീതിയിലുമുള്ള കാർബൺ കോംപസിറ്റ് കവചം പേടകത്തിനുണ്ട്.
