വീട്ടുമുറ്റത്ത് ചപ്പുചവറുകള്‍ കത്തിക്കവേ തീ ആളിപ്പടര്‍ന്നു; പൊള്ളലേറ്റ് വയോധികന് ദാരുണാന്ത്യം
1 min read

തിരുവനന്തപുരം: പാറശ്ശാലയില്‍ വീട്ടുമുറ്റത്ത് ചപ്പുചവറുകള്‍ കത്തിക്കവേ തീ ആളിപ്പടര്‍ന്ന് ഗുരുതര പൊള്ളലേറ്റ വയോധികന് ദാരുണാന്ത്യം. പാറശ്ശാലയ്ക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. വീടിന് പരിസരത്തുള്ള ചപ്പുചവറുകള്‍ വാരിക്കൂട്ടി കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീപടരുകയായിരുന്നു. മുരളീധരന് ഓടിരക്ഷപ്പെടാന്‍ സാധിച്ചില്ല. തീ നിമിഷനേരം കൊണ്ട് മുരളീധരന്റെ ശരീരത്തില്‍ പടര്‍ന്നുപിടിച്ചു.
തീ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുരളീധരനെ രക്ഷിക്കാന്‍ സാധിച്ചില്ല. പൂവാറില്‍ നിന്ന് ഫയര്‍പോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശേഷം മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
