July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ജൂലൈ 9 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍

1 min read
SHARE

മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ 9-ാം തീയതി മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടന്ന ഹൈസ്കൂള്‍ പ്രഥമാധ്യാപക ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. കൈറ്റ്സി.ഇ.ഒ കെ. അൻവർ സാദത്തും പങ്കെടുത്തു.

അക്കാദമിക് മാസ്റ്റർ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട ആവശ്യകതയെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ഇതിനായി താഴെത്തട്ട് മുതൽ മുകൾ തട്ടു വരെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോർട്ടലിൽ ഉള്ളത്.

ഈ സംവിധാനത്തിലൂടെ ടീച്ചർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും. അതോടൊപ്പം ഈ പോർട്ടലിലുള്ള ഡിജിറ്റല്‍ റിസോഴ്സുകളും ഉപയോഗിക്കാവുന്നതാണ്. സ്കീം ഓഫ് വർക്കിനനുസരിച്ചാണോ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്ന് ടീച്ചര്‍ക്ക് സ്വയം വിലയിരുത്താം. ശില്പശാലയില്‍ 14 ജില്ലകളിലായി 2684 ഹൈസ്കൂള്‍ പ്രഥമാധ്യാപകർ പങ്കെടുത്തു. മുഴുവന്‍ വിദ്യാഭ്യാസ ഓഫീസർമാർക്കുമുള്ള പരിശീലനവും ഇതിനകം പൂർത്തിയായി.