മൈസൂര്‍ കൊട്ടാരത്തില്‍ പുഷ്‌പോത്സവം ഡിസംബര്‍ 21 മുതല്‍
1 min read

മൈസൂരു: മൈസൂര്‍ കൊട്ടാരത്തില്‍ ഈ വര്‍ഷത്തെ പുഷ്‌പോത്സവം ഡിസംബര്‍ 21 മുതല്‍ 31 വരെ നടക്കും. ക്രിസ്മസ് അവധിക്കാലത്ത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്‌പോത്സവം സംഘടിപ്പിക്കുകയെന്ന് മൈസൂര്‍ പാലസ് ബോര്‍ഡ് അറിയിച്ചു. രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. എല്ലാ ദിവസും വൈകീട്ട് ഏഴ് മുതല്‍ ഒന്‍പത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താല്‍ അലങ്കരിക്കും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാകും. മുതിര്‍ന്നവര്‍ക്ക് 30 രൂപയാണ് ഫീസ്. മേളയില്‍ 25,000 ഓളം വിവിധ തരം അലങ്കാര പൂച്ചെടികളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ 35ൽ അധികം പൂച്ചെടികളും ആറ് ലക്ഷം വ്യത്യസ്ത പൂക്കളും ഊട്ടിയില്‍ നിന്നെത്തിച്ച് പ്രദര്‍ശിപ്പിക്കും. 25 വരെ എല്ലാ ദിവസവും വൈകീട്ട് വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് അഞ്ചിന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി ഡോ. എച്ച് സി മഹാദേവപ്പ നിര്‍വഹിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
