July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു

1 min read
SHARE

എന്‍സിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. തൃക്കാക്കര കെ എം എം കോളേജില്‍ നടന്ന എന്‍സിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്‍.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയന്‍ എന്‍സിസി എറണാകുളത്തിലെ സ്‌കൂള്‍/കോളേജ് കേഡറ്റുകള്‍ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാര്‍ഷിക പരിശീലന ക്യാമ്പാണ് നടന്ന് വന്നത്. ഭക്ഷ്യവിഷബാദയേറ്റ കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 86 വിദ്യാർത്ഥികളെയാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ നിലവിൽ ആരും അഡ്മിറ്റ് അല്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ അറിയിച്ചു. കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. വിവരം അന്വേഷിക്കാൻ എത്തിയ കുട്ടികളുടെ രക്ഷിതാക്കളെ ക്യാമ്പിന് പുറത്ത് തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. സംഭവത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു. ക്യാമ്പില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാകാം അണുബാധയുണ്ടായതെന്നാണ് സംശയം ഉയർന്നത്. 600ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിര്‍ജലീകരണം സംഭവിച്ചതെന്നും ഭക്ഷ്യ വിഷബാധയെന്ന നിഗമനം ഈ ഘട്ടത്തില്‍ ഇല്ലെന്നും കര സേന വിഭാഗം അറിയിച്ചിരുന്നു.