July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ശബ്ദമില്ലാത്തവര്‍ക്കായി ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം; ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം

1 min read
SHARE

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം മൗലികവകാശമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും 19-ാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച ജനാധിപത്യസംവിധാനത്തെ തകര്‍ച്ചയ്ക്കിടയാക്കും.

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തെ ജാഗരൂഗരാക്കി നിര്‍ത്തുന്നതിനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിസ്തുല പങ്കുണ്ട്. നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനം, വാര്‍ത്തയുടെ എല്ലാ വശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും പുരോഗമനപരമായ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും ഭീഷണികളും വേട്ടയാടലുകളും സെന്‍സര്‍ഷിപ്പുകളും സാമ്പത്തിക സമ്മര്‍ദ്ദങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിഘാതമാകുന്നുണ്ട്.

റിപ്പോര്‍ട്ടേഴ്സ് വിത്ത്ഔട്ട് ബോഡേഴ്സിന്റെ കണക്കുകള്‍ പ്രകാരം 2003-നും 2022-നുമിടയില്‍ ലോകത്താകെ 1668 മാധ്യമപ്രവര്‍ത്തകരാണ് തൊഴിലിനിടെ കൊല്ലപ്പെട്ടത്. 2024ല്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്- 179 പേര്‍. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 28 മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിനിടെ കൊല്ലപ്പെട്ടു. അഴിമതി, കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരിലേറെയും.മുഖ്യധാരാ മാധ്യമങ്ങളെ ഓരോന്നായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വാങ്ങുന്നതും നിക്ഷിപ്ത താല്‍പര്യങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്നതും സമീപകാലത്ത് നാം കണ്ടു. ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 159-ാം സ്ഥാനത്താണ് ഇന്ത്യ എന്നത് നമ്മെ അലോസരപ്പെടുത്തുന്ന കാര്യം. ജനാധിപത്യത്തിന്റെ നാലാം തൂണിന് ക്ഷതമേല്‍ക്കുമ്പോള്‍, ഭരണകൂട വിധേയത്വത്തിലേക്ക് മാധ്യമങ്ങള്‍ നീങ്ങുമ്പോള്‍, സത്യം അറിയുന്നതിനുള്ള ജനതയുടെ അവകാശമാണ് ഹനിക്കപ്പെടുന്നതെന്ന് നാം മറക്കരുത്.