ചേർത്ത് പിടിച്ച് സർക്കാർ: മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ ഈ മാസം കൈമാറും

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുത ആഘാതമേറ്റ് മരിച്ച മിഥുന്റെ കുടുമ്പത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെച്ച് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി. മിഥുന്റെ കുടുമ്പത്തിന് ഈ മാസം 24 ന് താക്കോൽ കൈമാറിയേക്കും. 2025 ജൂലൈ 17 നാണ് നാടിനെ നടുക്കിയ ദുരന്തത്തിലാണ് മിഥുൻ വിട പറഞ്ഞത്. കെ എസ് ടി എ, സ്കൂൾ മാനേജ്മെന്റ്, വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകൾ മിഥുന്‍റെ കുടുംബത്തിന് ധനസഹായം നൽകിയിരുന്നു.
ഇതിന് പുറമെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിഥുന്റെ കുടുമ്പത്തിന് വീട് വെച്ച് നൽകാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന് നിർദ്ദേശവും നൽകിയിരുന്നു. 20 ലക്ഷം രൂപ ചിലവിൽ 1000 സ്ക്വയർ ഫീറ്റ് വീട് പറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കി.ഒന്നും പകരമാവില്ലെങ്കിലും സംസ്ഥാന സർക്കാർ ഞങ്ങളെ ചേർത്ത് പിടിച്ചതിലും വീട് നിർമ്മിച്ചു നൽകുന്നതിലും നന്ദി ഉണ്ടെന്ന് പിതാവ് മനു പറഞ്ഞു. മിഥുന്റെ സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന് അമ്മ സുജയും പ്രതികരിച്ചു. സമയ ബന്ധിതമായി വാഗ്ദാനങ്ങൾ പൂർത്തിയാക്കിയതിൽ ജനപ്രതിനിധികളും നാട്ടുകാരും സർക്കാരിനോട് നന്ദി പ്രകടിപ്പിച്ചു. ഈ മാസം വീടിന്റെ താക്കോൽ കൈമാറും.

