ഗൗതം ഗംഭീറിന് പകരം ലഖ്നൗ ടീമിന്‍റെ മെന്‍ററായി എത്തുന്നത് മറ്റൊരു ഇതിഹാസ താരം
1 min read

ലഖ്നൗ: ഐപിഎല്ലില്‍ ടീമിന്‍റെ മെന്‍ററാവാന്‍ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ സമീപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് പകരമാണ് സഹീര്‍ ഖാനെ മെന്‍ററാക്കാൻ ലഖ്നൗ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ടീം ഉടമകള്‍ സഹീര്‍ ഖാനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും വൈകാതെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത ടീം മെന്‍ററായി പോയപ്പോള്‍ പകരം ആരെയും ലഖ്നൗ മെന്‍ററായി നിയമിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യൻസിന്‍റെ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ സഹീറിനെ അടുത്ത വര്‍ഷത്തെ മെഗാ താരലേലത്തിന് മുമ്പ് മെന്‍ററാക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ടീം ഉടമ സ‍്ജീവ് ഗോയങ്ക. ടീമിന്‍റെ നായകനായ കെ എല്‍ രാഹുലിനെ ഈ സീസണില്‍ നിലനിര്‍ത്താനിടയില്ലെന്നും രാഹുല്‍ തന്‍റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
