ഗേറ്റിന്‍റെ പൂട്ട് തകർത്ത് ചൊക്രമുടിയിൽ കയറി നീലക്കുറിഞ്ഞി നശിപ്പിച്ചു; പ്രതികൾക്ക് പണി വരുന്നു, ക്രിമിനൽ കേസ്

1 min read
SHARE

മൂന്നാർ: ഇടുക്കി ചൊക്രമുടിയിലെ വിവാദ ഭൂമിയിൽ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ നടപടി. നീലക്കുറിഞ്ഞി നശിപ്പിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. രാജാക്കാട് എസ്എച്ച്ഒയ്ക്കാണ് സബ്കളക്ടർ കത്ത് നൽകിയത്. കഴിഞ്ഞ വ്യാഴ്ചയാണ് വിവാദ ഭൂമിയിൽ അതിക്രമിച്ചു കയറി ഒരു സംഘം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചത്.
ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാൻ എത്തിയ ഐ.ജി. കെ. സേതുരാമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൂട്ടിയ ഗേറ്റിന്‍റെ താഴ് തല്ലി പൊളിച്ചാണ് ഒരു സംഘം ആളുകൾ വിവാദ സ്ഥലത്ത് അതിക്രമിച്ചു കടന്നത്. നിർമാണ പ്രവർത്തനങ്ങൾക്കെത്തിച്ച യന്ത്രം സ്ഥലത്തെ നീലക്കുറിഞ്ഞി ചെടികളും നശിപ്പിച്ചിരുന്നു. നാട്ടുകാർ സംഘടിച്ചെത്തി വിവരം അറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസെത്തിയാണ് അതിക്രമിച്ച് കടന്നവരെ പുറത്താക്കിയത്.

പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാകുന്നവിധം അനധികൃത നിര്‍മാണം നടന്നതിനെത്തുടര്‍ന്നാണ് ചൊക്രിമുടിയിൽ പൊലീസെത്തി നിർമാണം നിർത്തി വെപ്പിച്ചത്. ഇവിടെ അതിക്രമിച്ച് കയറിയാണ് പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയടക്കം ഒരു സംഘമാളുകൾ നശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. മല തുരന്ന് വെട്ടിയ റോഡിന്റെ ഇരുഭാഗവുമുള്ള കാട് സംഘം വെട്ടിത്തെളിച്ചു. ആയിരക്കണക്കിന് നീലക്കുറിഞ്ഞി ചെടികളാണ് നശിപ്പിക്കപ്പെട്ടത്.