April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 3, 2025

രഞ്ജിയിൽ ചരിത്ര നേട്ടം” കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നൽകും: KCA

1 min read
SHARE

രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു. ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അം​ഗങ്ങൾക്കും മാനേജ്മെന്റിനുമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കരുത്തരായ വിദർഭയെ ആദ്യ ഇന്നിങ്സിൽ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തിൽ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലർന്ന ടീമിന്റെ മികവാർന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ സർവതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

സക്സേനയെയും സർവതെയെയും മറുനാടൻ താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും അത് ശരിയല്ലെന്നും അവർ കേരള സമൂഹത്തിന്റെ ഭാ​ഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയിൽ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്യുവാൻ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.