നരഹത്യ കേസ്: നടൻ അല്ലു അർജുൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

1 min read
SHARE

ഹൈദരാബാദ്: നരഹത്യ കേസിലെ പ്രതി നടൻ അല്ലു അർജുൻ്റെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ഹൈദരാബാദിലെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് അല്ലു അർജുൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്. ഡിസംബർ നാലിന് പുഷ്പ 2 ൻ്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അർജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. തുടർന്ന് ഡിസംബർ 13 ന് ചികഡ് പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു. കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കാൻ കഴിഞ്ഞ മാസമായിരുന്നു അല്ലു അർജുൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സന്ധ്യ തിയേറ്ററിലുണ്ടായ അനിഷ്ട സംഭവത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിൻ്റെ അനുമതിയോടെയാണ് ബെനിഫിറ്റ് ഷോ കാണാൻ എത്തിയതെന്നുമാണ് നടൻ്റെ വാദം. അതെ സമയം അനുമതി ഇല്ലാതെ തിയേറ്ററിൽ എത്തിയ അല്ലു അർജുൻ്റെ സാന്നിധ്യമാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ ഹൈദരാബാദ് പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ അല്ലു അർജുൻ ഉൾപ്പടെ 17 പ്രതികളാണുള്ളത്.