ഭാര്യയെ നഷ്ടപ്പെട്ടു, വെന്തുരുകുകയാണ് ഞാൻ’; ബിന്ദുവിന്റെ ഭർത്താവ്
1 min read

കോട്ടയം: മെഡിക്കൽ കോളേജിൽ ശുചിമുറി തകർന്നുവീണുണ്ടായ ബിന്ദുവിന്റെ അപ്രതീക്ഷ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബം. മകൾ നവമിയുമായി ന്യൂറോസർജറിക്കായാണ് തലയോലപ്പറമ്പ് സ്വദേശികളായ വിശ്രുതനും ബിന്ദുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിയത്. ജൂലൈ ഒന്നിനാണ് അഡ്മിറ്റായത്. ചികിത്സ കഴിഞ്ഞ് ഭേദമായ ശേഷം തിരികെ മടങ്ങാമെന്നായിരുന്നു തീരുമാനം .ഭാര്യയെ നഷ്ടപ്പെട്ടെന്നും തനിക്കൊന്നും പറയാനില്ലെന്നുമായിരുന്നു ഭർത്താവ് വിശ്രുതന്റെ പ്രതികരണം. വെന്തുരുകുകയാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ലെന്നും അമ്മ പോകല്ലേയെന്നുമാത്രമായിരുന്നു തന്റെ പ്രാർത്ഥനയെന്നും മകനും എഞ്ചിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.രാവിലെ കുളിക്കാനായാണ് ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് വിശ്രുതൻ.കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി നൽകിയത്. 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.
