മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിൽ, നിയമസഭയിലേക്ക് മത്സരിക്കാനില്ല’; ബിജെപിക്കെതിരെ തുറന്നടിച്ച് ആർ ശ്രീലേഖ.

ബിജെപിക്ക് എതിരെ തുറന്നടിച്ച് ആർ ശ്രീലേഖ. മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിലാണെന്നും തീരുമാനം മാറിയതറിഞ്ഞത് അവസാന നിമിഷമാണെന്നും ആർ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം അറിയിച്ചിരുന്നു. അവസാനം കൗൺസിലറായി തുടരുന്നത് പാർട്ടി തീരുമാനത്തിന് അനുസരിച്ചാണെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ആർ ശ്രീലേഖ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച ധാരണയോട് ശ്രീലേഖ എതിപ്പറിയിച്ചിട്ടില്ല. അവസാന നിമിഷം തിരുവനന്തപുരം മേയർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിലെ അതൃപ്തി ശ്രീലേഖ നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി വി രാജേഷിന്റെയും ഡെപ്യൂട്ടി മേയർ ആശാനാഥിന്റെയും സത്യപ്രതിജ്ഞ ചടങ്ങ് അവസാനിക്കും മുൻപ് വേദി വിട്ട് പോയത് ചർച്ചയായിരുന്നു.

