അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് നൽകുന്നതെന്ന് പറഞ്ഞ് മാധ്യമങ്ങളെയും മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. ബോധപൂര്‍വം ഇത്തരക്കാരെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? ജനങ്ങള്‍ക്ക് സത്യം അറിയാം. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാര്‍ത്ത നല്‍കേണ്ടത്? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുമ്പോള്‍ പരിശോധിച്ചിരുന്നോ? ചാര പ്രവര്‍ത്തിയാണ്. ഗുരുതര വിഷയമാണ്. ചില്ലറ കളിയല്ല, തമാശയുമല്ല. ഇത്തരം അസംബന്ധ വാര്‍ത്തകള്‍ തുടങ്ങിവെച്ചവരെ പുറത്തുകൊണ്ടുവരണം. ബിജെപിക്ക് രാഷ്ട്രീയ അജണ്ട കാണും. ഇത്തരം പ്രചാരണങ്ങളോട് പുല്ല് വിലയാണ്. ജനം കൂടെയുണ്ട്. മാധ്യമങ്ങള്‍ക്ക് തോന്നുംപോലെ വാര്‍ത്ത നല്‍കാം. നോ പ്രോബ്ലം. ‘- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാന സര്‍ക്കാരനാണെന്നും ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മല്‍ഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനം നല്‍കിയെന്നും താമസം, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഒരുക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ജ്യോതി മല്‍ഹോത്ര നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു.
