August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 5, 2025

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്: വി ഡി സതീശന്‍

1 min read
SHARE

തിരുവനന്തപുരം: ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും നിരവധി വൈദികരും പാസ്റ്റര്‍മാരുമുള്‍പ്പെടെയുളള ക്രൈസ്തവര്‍ ജയിലിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയുടെ കാപട്യം നേരത്തെ തന്നെ ജനങ്ങള്‍ക്ക് മനസിലായതാണെന്നും ഛത്തീസ്ഗഡിലെ സംഭവത്തോടെ ബാക്കിയുണ്ടായിരുന്ന ചിലര്‍ക്കും കാര്യം വ്യക്തമായെന്നും വി ഡി സതീശന്‍ പറഞ്ഞു.

എല്ലാവര്‍ക്കുമറിയാം രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്ന്. 834-ാമത്തെ സംഭവമാണ് ഒരുവര്‍ഷത്തിനുളളില്‍ നടന്നത്. ഒരുപാട് വൈദികരും പാസ്റ്റര്‍മാരും ക്രൈസ്തവരുമെല്ലാം ജയിലിലാണ്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് 2023 ഡിസംബറില്‍ ക്രിസ്മസ് കാലത്ത് ഞാന്‍ പറഞ്ഞതാണ്. ആട്ടിന്‍തോലിച്ച ചെന്നായ്ക്കള്‍ കേക്കുകളുമായി അരമനകള്‍ കയറിയിറങ്ങി വരുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കണം എന്ന് പറഞ്ഞതാണ്. ഇപ്പോള്‍ ബോധ്യമായില്ലേ? ബിജെപി ഇടപെട്ടിട്ടാണ് ജാമ്യം കൊടുത്തതെന്നാണ് ഇപ്പോള്‍ പറയുന്നത്. കോടതിയാണ് ജാമ്യം കൊടുത്തത്. ഛത്തീസ്ഗഡിന്റെ പ്രോസിക്യൂഷനും ബജ്‌റംഗ്ദളും എതിര്‍ത്തിട്ടും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ട കോടതിയാണ് ജാമ്യം കൊടുത്തത്. ആ കേസ് പിന്‍വലിക്കണം. അതിനുളള നിയമനടപടികള്‍ക്ക് ഞങ്ങളുടെ എല്ലാവിധ പിന്തുണയുമുണ്ട്’- വി ഡി സതീശന്‍ പറഞ്ഞു.ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ജയിലിലായപ്പോള്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ‘ഛത്തീസ്ഗഡിലേക്ക് ആദ്യത്തെ എംപിമാരുടെ സംഘം പോയപ്പോള്‍ അവരുടെ കൂടെ ജയിലില്‍ പോയി കന്യാസ്ത്രീകളെ കണ്ടയാളാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. അവിടുത്തെ കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. വനിതകള്‍ പ്രതിഷേധിച്ചു. പിസിസി അധ്യക്ഷന്‍, എഐസിസി ജനറല്‍ സെക്രട്ടറിയടക്കം എല്ലാവരും അവിടെ സഹായത്തിനുണ്ടായിരുന്നു. റോജി എം ജോണ്‍ എംഎല്‍എ നിയമസഹായത്തിനുണ്ടായിരുന്നു. ബിജെപിയുടെ കാപട്യം ജനങ്ങള്‍ക്ക് നേരത്തെ മനസിലായതാണ്. കേരളത്തില്‍ കാണിക്കുന്നതല്ല പുറത്തെന്ന് ബാക്കിയുണ്ടായിരുന്ന ചിലര്‍ക്കും മനസിലായി’-പ്രതിപക്ഷ നേതാവ് പറഞ്ഞു.സി സദാനന്ദന്‍ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയ ചടങ്ങില്‍ കെ കെ ശൈലജ എംഎല്‍എ പങ്കെടുത്തതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വേണ്ടപ്പെട്ട ആളുകള്‍ കാലുവെട്ടിയാലും തല വെട്ടിയാലും കൈവെട്ടിയെടുത്താലും പാര്‍ട്ടി അവരുടെ കൂടെയാണ്. എന്തൊരു പാര്‍ട്ടിയാണതെന്ന് വി ഡി സതീശന്‍ ചോദിച്ചു. ‘ഇവരൊക്കെ പഠിപ്പിച്ച കുട്ടികളെക്കുറിച്ച് ഓര്‍ത്തിട്ടാണ് എനിക്ക് സങ്കടം വന്നത്. ഇവരൊക്കെയാണല്ലോ പഠിപ്പിച്ചത്. ഒരു അധ്യാപിക എന്ന നിലയ്ക്ക് ഒരിക്കലും അവര്‍ പോകാന്‍ പാടില്ലായിരുന്നു. ജനപ്രതിനിധിയെന്ന നിലയിലും പോകരുതായിരുന്നു. ഒരാളുടെ കാലുവെട്ടിയ കേസാണ്. ആ കേസിലെ പ്രതികള്‍ ജയിലില്‍ പോകുമ്പോള്‍ ദുബായ്ക്ക് ജോലിക്കു പോകുമ്പോള്‍ യാത്രയയക്കാന്‍ പോകുന്നതുപോലെ പോയിരിക്കുകയാണ്’- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.സംഭവത്തിൽ വിശദീകരണവുമായി കെ കെ ശൈലജ രംഗത്തെത്തിയിരുന്നു. യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകയായാണ് താന്‍ പോയതെന്നും കെ കെ ശൈലജ പറഞ്ഞു. ‘കോടതി അവരെ ശിക്ഷിച്ചിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ ഇത്തരം കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ അല്ലെന്നാണ് നാട്ടുകാര്‍ക്ക് അറിയുന്നത്. സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. കോടതി വിധി മാനിക്കുന്നു. 30 വര്‍ഷത്തിന് ശേഷം അവര്‍ ജയിലില്‍ പോകുമ്പോള്‍ കുടുംബാംഗങ്ങളും വിഷയത്തിലാണ്. ഇവര്‍ തെറ്റ് ചെയ്തില്ലെന്നാണ് കുടുംബവും വിശ്വസിക്കുന്നത്. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നു. യാത്രയയപ്പായി അതിനെ കാണാന്‍ സാധിക്കില്ല’- കെ കെ ശൈലജ പറഞ്ഞു.മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്.