നിത്യതയില്‍…: മാര്‍പാപ്പയുടെ കല്ലറയ്ക്ക് സമീപത്തേയ്ക്ക് ജനങ്ങളെ പ്രവേശിപ്പിച്ച് തുടങ്ങി

1 min read
SHARE

റോമിലെ സാന്താ മരിയ മജോറ പള്ളിയിലെ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിന്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. അദ്ദേഹത്തിൻ്റെ മരണ പത്രത്തില്‍ നിര്‍ദേശം അനുസരിച്ച് കല്ലറയില്‍ അലങ്കാരങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. ഫ്രാൻസിസ് എന്നുമാത്രമാണ് കല്ലറയില്‍ അടയാ‍ളപ്പെടുത്തിരിക്കുന്നത്.ഇറ്റാലിയൻ തലസ്ഥാനത്തെ നാല് പ്രധാന ബസിലിക്കകളിൽ ഒന്നായതും, കർദ്ദിനാളും പോണ്ടിഫുമായിരുന്ന കാലത്ത് അദ്ദേഹം പതിവായി സന്ദർശിക്കാറുണ്ടായിരുന്നതുമായ പള്ളിയിലാണ് അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കന്നത്. അദ്ദേഹത്തിൻ്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

ശനിയാ‍ഴ്ച വത്തിക്കാനില്‍ നടന്ന സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാലര ലക്ഷത്തോളം പേരാണ് സെൻ്റ് പീറ്റേ‍ഴ്സ് ചത്വരത്തിലേക്ക് എത്തിയത്. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്, യുക്രെയ്ൻ പ്രഡിഡൻ്റ് വോളോഡിമിര്‍ സെലൻസ്കി എന്നിവരടക്കം നിര‍വധി ലോക നേതാക്കളും ഇവിടേക്കെത്തിയിരുന്നു.

കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു പോപ്പ് ഫ്രാൻസിസ്. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിത്വമായിരുന്നു. റോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു.

സഭാഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നതിലും ലൈംഗിക ന്യൂനപക്ഷ വിഭാ​ഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തിൽ ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നു.