കേരളത്തിൽ ഇനി പഴയതുപോലെ ഭൂമി വിൽക്കാനും വാങ്ങാനും കഴിയില്ല; വരുന്നത് വൻ മാറ്റങ്ങൾ
1 min read

ഇനി കേരളത്തില്‍ ഭൂമി വാങ്ങാനും വില്‍ക്കാനും പുതിയ നടപടിക്രമം; ഇതു സംബന്ധിച്ച് റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി. ഡിജിറ്റല്‍ റീസർവേ പൂർത്തിയായ വില്ലേജുകളില്‍ ഇനി ഭൂമി വാങ്ങാനും വില്‍ക്കാനും ‘എന്റെ ഭൂമി’ പോർട്ടല്‍ വഴി അപേക്ഷിക്കണം.
ഭൂമി വില്‍ക്കുമ്ബോള്‍ത്തന്നെ നിലവിലെ ഉടമസ്ഥനില്‍നിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തില്‍ സംവിധാനവും നിലവില്‍വരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വില്‍ക്കാനാകൂ.ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതിനാല്‍ വില്ലേജുകളിലേക്ക് ‘പോക്കുവരവി’നായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. സർവേ സ്കെച്ചില്‍ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഭൂനികുതി അടച്ച രസീതുകളില്‍ ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്നും ഇനിമുതല്‍ രേഖപ്പെടുത്തും. ഇതുള്‍പ്പെടെ ഡിജിറ്റല്‍ സർവേ ചെയ്ത ഭൂമിയില്‍ നികുതി അടയ്ക്കാനും ഭൂമി കൈമാറാനും ഉള്ള മാറ്റങ്ങള്‍ വ്യക്തമാക്കി റവന്യു വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.
ഡിജിറ്റല്‍ സർവേ പൂർത്തിയായ വില്ലേജുകളില്‍ നികുതി സ്വീകരിക്കുന്നത് ഡിജിറ്റല്‍ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാകും. ഇതിനുമുന്നോടിയായി ‘എന്റെ ഭൂമി’ പോർട്ടല്‍ വഴി അപേക്ഷിക്കുമ്ബോള്‍ വില്ലേജ് ഓഫിസർ രേഖകളുടെ ഒറ്റത്തവണ പരിശോധന പോർട്ടലിലൂടെ പൂർത്തിയാക്കി നികുതി രസീത് അനുവദിക്കും.ഓണ്‍ലൈനായി ലഭിക്കുന്ന നികുതി രസീതില്‍ പഴയതും പുതിയതുമായ സർവേ അല്ലെങ്കില്‍ റീസർവേ നമ്ബറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഉടമസ്ഥനും ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റുകക്ഷികള്‍ക്കും പരിശോധിക്കാനാകും.
ഡിജിറ്റല്‍ രേഖകളിലെ വിസ്തൃതിക്ക് അനുസരിച്ച് നികുതി
ഡിജിറ്റല്‍ സർവേ രേഖകളില്‍ പറയുന്ന വിസ്തൃതിക്ക് അനുസരിച്ച് ഇനിമുതല്‍ ഭൂനികുതിയടയ്ക്കാം. സർവേ രേഖകളില്‍ പരാതിയുള്ളവർക്ക് ഡിജിറ്റല്‍ ലാൻഡ് റെക്കോർഡ്‌സ് മാനേജ്‌മെന്റ് വഴി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. നിലവില്‍ കാസർഗോഡ് ജില്ലയിലെ ഗുജ്ജാർ വില്ലേജില്‍ മാത്രമാണ് പൈലറ്റ് പദ്ധതിയായി ഡിജിറ്റല്‍ സർവേ പൂർത്തിയായത്. 150 വില്ലേജുകളില്‍ പദ്ധതി പൂർത്തിയായി ഉടൻ വിജ്ഞാപനം വരുമെന്ന് റവന്യു വകുപ്പ് അറിയിച്ചു.
നിറം നോക്കി ഭൂമി വാങ്ങാം
ഭൂമി വില്‍ക്കുന്നതിനായി അപേക്ഷിക്കുമ്ബോള്‍ ഭൂരേഖകളെ കുറിച്ചുള്ള പരാതികള്‍ മനസ്സിലാക്കാൻ സർവേ സ്കെച്ചില്‍ ഇനി 3 നിറങ്ങളിലെ കോഡുകള്‍ ഉണ്ടാകും. ഡി- ബിടിആർ, ഡി-തണ്ടപ്പേർ രജിസ്റ്റർ എന്നിവയില്‍ ഉടമസ്ഥന്റെ പേരിലും വിലാസത്തിലുമുള്ള അക്ഷരതെറ്റുകള്‍ സംബന്ധിച്ച പരാതിയാണെങ്കില്‍ പച്ചനിറം. ഇത് പരിശോധിച്ച് വില്ലേജ് ഓഫിസർക്ക് തിരുത്താം.
ഉടമസ്ഥത സംബന്ധിച്ചോ വിസ്തീർണം സംബന്ധിച്ചോ പരാതികളുള്ളവയാണ് മഞ്ഞ നിറത്തിലുള്ള സ്‌കെച്ച്. സർക്കാർ ഭൂമിയുമായി അതിരു പങ്കിടുന്നതിനാല്‍ പരാതിയുള്ളവയാണ് ചുവപ്പു നിറത്തിലുള്ളവ, മഞ്ഞയിലും ചുവപ്പിലുമുള്ള ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്കെച്ച് അനുവദിക്കുമ്ബോള്‍ ‘പരാതികള്‍ ഉള്ളതിനാല്‍ സ്കെച്ചില്‍ മാറ്റം വന്നേക്കാം’ എന്നു വാട്ടർമാർക്ക് ചെയ്യും.
