ഇന്ത്യ -പാക് സംഘർഷം; ‘പാകിസ്താന് ചൈന സഹായം നൽകി’; വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന
1 min read

ഇന്ത്യ -പാക് സംഘർഷത്തിൽ, പാകിസ്താന് ചൈന സഹായം നൽകിയെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന. ഡിജിഎംഒ തല ചർച്ചകളിൽ ചൈന പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കരസേന ഉപമേധാവി ലെഫ്റ്റനൻ്റ് ജനറൽ രാഹുൽ സിംഗ് പറഞ്ഞു. സംഘർഷത്തെ ആയുധ പരീക്ഷണത്തിന് ചൈന ഉപയോഗിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ.
പാക്കിസ്ഥാന് സാധ്യമായ പിന്തുണയും സഹായവും ചൈന നൽകിയെന്ന് കരസേന ഉപമേധാവി ആരോപിച്ചു. ആദ്യമായാണ് ചൈനയുടെ പങ്ക് സൈന്യം വെളിപ്പെടുത്തുന്നത്. പാകിസ്താൻ്റെ 81 ശതമാനം സൈനിക ആയുധങ്ങളും ചൈനീസ് നിർമ്മിതമായിരുന്നെന്നും സംഘർഷത്തെ ആയുധ പരീക്ഷണത്തിന് ചൈന ഉപയോഗിച്ചെന്നും കരസേന ഉപമേധാവി ആരോപിച്ചു.
ഡൽഹിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു കരസേന ഉപമേധാവിയുടെ വെളിപ്പെടുത്തൽ. “ചൈന സാധ്യമായ എല്ലാ പിന്തുണയും നൽകി. തുർക്കിയും പിന്തുണ നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു” അദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങൾ ചൈനയാണ് നൽകിയത്. പാകിസ്താന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ചൈനയ്ക്ക് മറ്റുള്ളവർക്കെതിരെ ആയുധങ്ങൾ പരീക്ഷിക്കാൻ കഴിയുമെന്ന് സിംഗ് പറഞ്ഞു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചു കൊന്നതിന് പ്രതികാരമായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. പാകിസ്ഥാനിലും പാകിസ്ഥാൻ നിയന്ത്രിത കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 100 ലധികം ഭീകരരെ നിർവീര്യമാക്കിയതായി ഇന്ത്യ പറഞ്ഞു.
പാകിസ്താൻ ഇന്ത്യയിലെ വിവിധ അതിർത്തി സംസ്ഥാനങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്, പ്രത്യേകിച്ച് പൂഞ്ചിലും രജൗരിയിലും. മെയ് 10 നാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത്.
