‘മുല്ലക്ക് പകരം കുറച്ച് താമരപ്പൂ മതിയോ..!’; ഇവിടെ മുല്ലപ്പൂവിൽ തൊട്ടാൽ പൊള്ളും
1 min read

സ്വർണത്തിനുപുറമേ വിലയിൽ റെക്കോർഡിട്ട് തമിഴ്‌നാട്ടിൽ മുല്ലപ്പൂ. കിലോയ്ക്ക് 4500 രൂപയായി തമിഴ്‌നാട്ടില്‍ മുല്ലപ്പൂ വില ഉയര്‍ന്നു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ് മുല്ലപ്പൂ കൃഷി കൂടുതലായി നടക്കുന്നത്. ഇത്തവണ തുടർച്ചയായി പെയ്ത മഴയും, ഫിന്‍ഞ്ചല്‍ ചുഴലിക്കാറ്റും തമിഴ്‌നാടിന്റെ കാർഷിക മേഖലയിൽ കടുത്ത ആഘാതമുണ്ടാക്കി. മുല്ലപ്പൂ കൃഷിയെയും ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രതികൂലമായി ബാധിച്ചു. മുല്ലപ്പൂക്കൃഷി നശിച്ചതും വിവാഹ സീസണായതിനാലുമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഫിന്‍ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പെയ്ത മഴയില്‍ കൃഷിനാശം വ്യാപകമായിരുന്നു. ഏക്കർ കണക്കിനാണ് മുല്ലപ്പൂ കൃഷിയിൽ നാശം സംഭവിച്ചത്. ഇതേത്തുടര്‍ന്ന് വിളവെടുപ്പും ഗണ്യമായി കുറഞ്ഞു. ഇതാണ് വില ഉയരാന്‍ കാരണമായതെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ജനുവരി വരെ വില ഉയർന്നു തന്നെയായിരിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ മുല്ലപ്പൂ ഏറ്റവും കൂടുതല്‍ വാങ്ങുകയും, ഉപയോഗിക്കുകയും ചെയ്യുന്ന മാസങ്ങളിലൊന്നാണ് ഡിസംബര്‍.
