July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ല, പേടിയില്ലാതെ ജീവിക്കണം’; ജനകീയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം

1 min read
SHARE

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് പേര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ആന്‍റോ ആന്‍റണി എംപിയും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്.മനുഷ്യത്വം ഉണ്ടെങ്കില്‍ സംഭവം നടന്നിട്ട് ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ എങ്കിലും അവിടേക്ക് വരേണ്ടെയെന്നും നിരുത്തരവാദപരമായ സമീപനമാണ് അധികൃതരുടേതെന്നും ആന്‍റോ ആന്‍റണി എംപി ആരോപിച്ചു.ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ലെന്നും ഞങ്ങളെ ആരെയും ദ്രോഹിക്കാതിരുന്നാല്‍ മതിയെന്നും സാധാരണക്കാരായ കര്‍ഷകരാണെന്നും ശാശ്വത പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പേടിയില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. 1952 മുതല്‍ ഇവിടെ താമസിക്കുന്നവരാണ്. അഞ്ചുവര്‍ഷത്തിലധികമായി ഇവിടെ വന്യമൃഗശല്യം ആരംഭിച്ചിട്ട്. കൃഷിയിറക്കാൻ സൗകര്യമില്ല. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണം. കേസെടുത്താലും പിന്‍മാറില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാൻ തയ്യാറായിട്ടില്ല.

ഇന്നലെ രാത്രി എട്ട് മണിക്ക് കാട്ടാന ഇറങ്ങിയിട്ടും അതിനെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പത്തനംതിട്ട  തുലാപ്പള്ളിയിലാണ് കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്‍റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് സംഭവം. ഉന്നത ഉദ്യോഗസ്ഥരെത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പുനല്‍കിയാലെ സമരം അവസാനിപ്പിക്കുവെന്ന നിലപാടിലാണ് നാട്ടുകാര്‍.