July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ജസ്റ്റിസ് ഫോര്‍ വയനാട്’; പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ

1 min read
SHARE

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന മുദ്രാവാക്യത്തോടൊപ്പം ‘ജസ്റ്റിസ് ഫോര്‍ വയനാട്’, ‘വയനാടിനുള്ള സഹായ പാക്കേജ് ലഭ്യമാക്കുക’ തുടങ്ങിയ ആവശ്യങ്ങളെ‍ഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണ് എംപിമാർ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചത്. ഉരുള്‍പൊട്ടൽ അടക്കമുള്ള ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിങിന് ചെലവായ തുക കേരളത്തില്‍ നിന്നും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കൂടിയായിരുന്നു പാര്‍ലമെന്‍റിന് പുറത്ത് എംപിമാരുടെ പ്രതിഷേധം. ദുരിതകാല രക്ഷാപ്രവര്‍ത്തനത്തെയും കേന്ദ്രം കച്ചവടമാക്കി മാറ്റുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളത്തെ ബോധപൂര്‍വ്വം അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കെ രാധാകൃഷ്ണന്‍ എംപിയും തുറന്നടിച്ചു.

വയനാടിന് കേന്ദ്രസഹായം അവഗണിക്കുകയും രക്ഷാപ്രവര്‍ത്തനത്തിന്റെ തുക തിരിച്ചടിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ലമെന്റിന് പുറത്തേക്കും കേരളത്തിലെ എംപിമാര്‍ പ്രതിഷേധം കടുപ്പിച്ചത്. ജസ്റ്റിസ് ഫോര്‍ വയനാട് മുദ്രാവാക്യം ഉയര്‍ത്തി ഇടത്-വലത് എംപിമാര്‍ ബാനറുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തീര്‍ത്തു. അന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് സല്യൂട്ട് നല്‍കിയാണ് കേരളജനത ആദരിച്ചത്. ആ സല്യൂട്ടിന്റെ പണം പോലും കേന്ദ്രം പിടിച്ചുവാങ്ങുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

കേരളത്തോടുളള അനീതി തുടരുകയാണെന്നും മൂന്നരക്കോടി മലയാളികളെ കേന്ദ്രസര്‍ക്കാര്‍ അപമാനിക്കുകയാണെന്നും കെ രാധാകൃഷ്ണന്‍ എംപി തുറന്നടിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുമ്പോള്‍, കേരളം നന്നാവരുതെന്നാണ് കേന്ദ്രനിലപാടെന്ന് വി ശിവദാസന്‍ എംപിയും പറഞ്ഞു. വയനാട് വിഷയം വരും ദിവസങ്ങളിലും പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാനാണ് കേരള എംപിമാരുടെ തീരുമാനം.